കരിക്കിൽ വിളഞ്ഞ സ്വപ്നങ്ങൾ
തോമസ് വർഗീസ് ഏഴംകുളം
Saturday, July 12, 2025 10:34 PM IST
മാർച്ചിൽ പരീക്ഷാ സമയത്തു വഴിയോരത്തെ കടയിൽ ഇരുന്നു പഠനം. ഒരുപാട് മഴയും വെയിലും അതിനിടെ വന്നുപോയി. പക്ഷേ, ആഷിക് കുലുങ്ങിയില്ല. ട്യൂഷനോ മറ്റു സഹായങ്ങളോ ഇല്ലാതെ സ്കൂളിൽ പഠിപ്പിച്ചതും പിന്നെ സ്വയമായി പഠിച്ചതും കുട്ടുകാർ പറഞ്ഞു തന്നതുമായ കാര്യങ്ങൾ മനസിലുറപ്പിച്ചു പരീക്ഷയെഴുതി.
ഒരു ദിവസം വഴിയോരത്ത് കരിക്കുമായി പോരാട്ടം. അടുത്ത ദിവസം ക്ലാസിൽ കണക്കും സയൻസുമായി മല്ലിടൽ. പിറ്റേന്നു വീണ്ടും വഴിയോരത്തെ കരിക്കുകടയിൽ...
ഇതു കഥയല്ല, ഒരു പ്ലസ് ടുക്കാരന്റെ ജീവിതം... ഒരു ദിവസം പഠനമെങ്കിൽ ഒരു ദിവസം വഴിയോരത്ത് കുടുംബം പോറ്റാനായി കരിക്കുവെട്ട്... ഒന്നിടവിട്ട ദിവസം സ്കൂളിലും കരിക്കു കടയിലുമായി കറങ്ങിത്തിരിഞ്ഞ പയ്യന് പക്ഷേ, പ്ലസ് ടു ഫലം വന്നപ്പോൾ മികച്ച വിജയം.
വഴിയോരത്തിരുന്ന് ജോലിക്കിടയിൽ പഠിച്ചു 78 ശതമാനം മാർക്ക് നേടി അഭിനന്ദന പ്രവാഹം സ്വന്തമാക്കിയത് ബിഹാർ സ്വദേശി ആഷിക് ഫരീയാദ്. അടൂർ ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർഥി.
കരിക്കുകടയിലേക്ക്
ബിഹാർ ചമ്പാരൻ മധുരപുർ സ്വദേശി സലാവുദിന്റെയും ജുലേഖയുടെയും മകനാണ് ആഷിക്. ഏഴു വർഷം മുന്പാണ് ഈ കുടുംബം കേരളത്തിലേക്ക് എത്തിയത്. ആദ്യം ഫർണിച്ചർ കടയിലെ ജോലിക്കാരനായിരുന്നു അച്ഛൻ.
ഫർണിച്ചർ കട നിന്നുപോയപ്പോൾ മറ്റു മാർഗങ്ങളില്ലാതെ അടൂർ ബൈപ്പാസിൽ കരിക്ക് വില്പന തുടങ്ങി. പിന്നീട് ഇതിനൊപ്പം കരിമ്പിൻ ജൂസ് കച്ചവടവും. ഇതിനിടെ, അച്ഛൻ വാഹനാപകടത്തിൽപെട്ടു കിടപ്പിലായതോടെ ജീവിതം കീഴ്മേൽ മറിഞ്ഞതായി ആഷിക്കിനു തോന്നി. ജീവിതം മുന്നോട്ടു പോകണമെങ്കിൽ കട നടത്തണം. അതിനിറങ്ങിയാൽ പഠനം മുടങ്ങും.
ആഷിക്കിന്റെ പ്രതിസന്ധി തിരിച്ചറിഞ്ഞ അടൂർ ഗവൺമെന്റ് ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഒപ്പംനിന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ അവധിയെടുക്കാൻ അനുവദിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന അനുജൻ അഫ്ജെലും ആഷിക്കും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലും കടയിലുമായി നിന്നു.
മാർച്ചിൽ പരീക്ഷാ സമയത്തു കടയിൽ ഇരുന്നു പഠനം. ഒരുപാട് മഴയും വെയിലും അതിനിടെ വന്നുപോയി. പക്ഷേ, ആഷിക് കുലുങ്ങിയില്ല. ട്യൂഷനോ മറ്റു സഹായങ്ങളോ ഇല്ലാതെ സ്കൂളിൽ പഠിപ്പിച്ചതും പിന്നെ സ്വയമായി പഠിച്ചതും കുട്ടുകാർ പറഞ്ഞു തന്നതുമായ കാര്യങ്ങൾ മനസിലുറപ്പിച്ചു പരീക്ഷയെഴുതി. അധ്വാനം വെറുതേയായില്ല.
കണ്ടുപഠിക്കേണ്ട ആഷിക്
അടൂർ ബിഎച്ച്എസിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ ബിന്ദുവിന്റെ ഭാഷയിൽ പറഞ്ഞാൽ ജീവിതത്തെ സ്വയം കരുപിടിപ്പിടിപ്പിക്കാൻ ഇത്രയധികം അധ്വാനിക്കുന്ന ഒരു വിദ്യാർഥിയെ കണ്ടിട്ടില്ല. സ്വപ്നങ്ങൾ കാണുന്ന കുട്ടിയാണ് ആഷിക്കെന്ന് ബിന്ദു ടീച്ചർ പറഞ്ഞു.
കിട്ടുന്ന സമയം വളരെ കരുതലോടെ ഉപയോഗിക്കുന്നയാളാണ്. സമയം കിട്ടുമ്പോൾ ബോർഡിൽ മലയാളം എഴുതി പഠിക്കുന്നത് കാണാം. പ്ലസ്ടുവിന് ഹ്യൂമാനിറ്റീസ് ഐച്ഛിക വിഷയമായി എടുത്തെങ്കിൽത്തന്നെ ലൈബ്രറിയിൽനിന്നു മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമെടുത്തു വായിക്കും.
എല്ലാ വിഷയങ്ങളോടും ആവേശമാണ്.
ഇംഗ്ലീഷ് നിഘണ്ടു പരിശോധിച്ച് അറിയാത്ത വാക്കുകളുടെ അർഥം മനസിലാക്കുന്നതും ഇംഗ്ലീഷിൽ ഡയറി എഴുതുന്നതും ദിവസവുമുള്ള ശീലമാണ്. പഠനത്തിൽ മുന്നിൽ നിൽക്കുന്ന അദ്വൈതുമായി പരസ്പരം ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും ചർച്ച ചെയ്തും പരസ്പരം ഇന്റർവ്യൂ നടത്തിയും കിട്ടുന്ന സമയം പ്രയോജനപ്പെടുത്താറുള്ളത് ടീച്ചർ ഓർക്കുന്നു. ആഷിക് ആഗ്രഹിക്കുന്ന തലത്തിലേക്ക് എത്തുമെന്നും ബിന്ദു ടീച്ചർ ഉറപ്പിച്ചു പറയുന്നു.
ചേർത്തുപിടിച്ച് കളക്ടർ
ആഷിക്കിന്റെ മിന്നും ജയത്തിനു ചന്തം ചാർത്താൻ പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നേരിട്ട് വഴിയോരത്തെ കരിക്കുകടയിലെത്തി. ഐഎഎസ് ആണ് മോഹമെന്നു കളക്ടറോടു പറഞ്ഞു. ആഷിക് വാചാലനായപ്പോൾ കളക്ടറും അന്പരന്നു.
സിവിൽ സർവീസിന്റെ പരീക്ഷ, സിലബസ്, ഘടന, ഇന്റർവ്യൂ ഇതിനെക്കുറിച്ചെല്ലാം ആഷിക് ഇതിനകം ഗവേഷണം നടത്തിക്കഴിഞ്ഞു. ആഷിക്കിന്റെ നല്ല മലയാളമാണ് കളക്ടറെ ഞെട്ടിച്ച മറ്റൊരു കാര്യം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന പുസ്തകം നൽകി അഭിനന്ദിച്ചു. എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും പിന്തുണയുണ്ടെന്നും പറഞ്ഞപ്പോൾ ആഷിക്കിനും നിറഞ്ഞ സന്തോഷം.
ആഷിക്കിനെ പോലുള്ളവർ സമൂഹത്തിനു പ്രചോദനമാണെന്നും അവന്റെ സ്വപ്നങ്ങളിലേക്കു പറക്കാനുള്ള ചിറകുകൾ മുളയ്ക്കട്ടെ എന്നും കളക്ടർ അന്നു ഫേസ്ബുക്കിൽ കുറിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചത് ടി.എം.ജി എച്ച്എസ്എസ് പെരിങ്ങനാട് സ്കൂളിലായിരുന്നു. മലയാളം അറിയാതെ സ്കൂളിൽ എത്തിയപ്പോൾ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ ആഷിക് മലയാളം പഠിച്ചെടുത്തു.
ടിന ദാബി മാർഗദർശി
പത്താം ക്ലാസ് വരെ കാര്യമായ ലക്ഷ്യങ്ങൾ ഒന്നുമില്ലായിരുന്നു. അങ്ങനെയിരിക്കേ വടക്കേ ഇന്ത്യയിലെ കളക്ടറായ ടിന ദാബിയുടെ വീഡിയോ യൂ ട്യൂബിലൂടെ കാണാനിടയായി.
ആദ്യമൊക്കെ ആരാധനയായിരുന്നു. പിന്നീട് ആവേശമായി. ടിനാ ദാബിയുടെ വീഡിയോകൾ തുടരെത്തുടരെ കണ്ടു. ഒരു ഐഎഎസുകാരി സമൂഹത്തെ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങളിൽ മതിപ്പുതോന്നി. തനിക്കും സിവിൽ സർവീസ് പരീക്ഷ പാസായി കളക്ടർ ആകണമെന്ന ചിന്ത തോന്നിത്തുടങ്ങി.
പിന്നെ സിവിൽ സർവീസിന്റെ ചിട്ടവട്ടങ്ങൾ മനസിലാക്കി. ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽനിന്ന് എടുത്തു വായന തുടങ്ങി. എല്ലാ ദിവസവും രണ്ടു ദിനപത്രം വായനയിൽ ഉൾപ്പെടുത്തി.കേന്ദ്ര സർവകലാശാല എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്.
പൊളിറ്റിക്കൽ സയൻസ് ഐച്ഛിക വിഷയമായെടുത്ത് ഡിഗ്രിക്കു ഡൽഹിയിൽ ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. സാമ്പത്തികം ഒരു വലിയ പ്രശ്നമായി മുന്നിൽ നിൽക്കുന്പോഴും പോരാടാൻ തന്നെയാണ് ആഷിക്കിന്റെ തീരുമാനം.
കേരളം എന്നെ കൈപിടിച്ചു
കേരളത്തിലേക്ക് എത്തുന്പോൾ കേവലം പത്തു വയസ്. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും പറയുന്പോൾ ഇപ്പോൾ നൂറു നാവ്. ബിഹാറിലായിരുന്നെങ്കിൽ ഒരുപക്ഷേ, വിദ്യാഭ്യാസമേ കിട്ടില്ലായിരുന്നെന്നും കൂലിപ്പണിക്കു പോകേണ്ടി വന്നേനെയെന്നും ആഷിക് പറയുന്നു.
കളക്ടറായി കേരളത്തിൽത്തന്നെ സേവനം ചെയ്യണമെന്നാണ് ആഗ്രഹം. സ്കൂളിൽനിന്നു വിനോദയാത്ര മൈസൂറിനും ഊട്ടിക്കും പോകേണ്ട അവസരം വന്നപ്പോൾ പണമില്ലാത്തതിനാൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നിട്ടും എല്ലാവരും മുൻകൈയെടുത്ത് ഒപ്പം കൂട്ടി. കൂട്ടുകാർ സ്നേഹത്തോടെ കൊണ്ടുതന്ന ഭക്ഷണപ്പൊതികളും പഠിക്കാൻ തന്ന പ്രോത്സാഹനങ്ങളും എങ്ങനെ മറക്കും.