കനത്ത ട്രാഫിക് ബ്ലോക്ക്; ശസ്ത്രക്രിയ വൈകാതിരിക്കാന്‍ 45 മിനിറ്റ് ഓടി ഡോക്ടര്‍
Monday, September 12, 2022 11:24 AM IST
ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തിയെ ആണല്ലൊ ഏറ്റവും വലിയ പുണ്യമായി സാധാരണ പറയാറുള്ളത്. അതിനാല്‍ത്തന്നെ മെഡിക്കല്‍ രംഗം സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നായി നിലകൊള്ളുന്നു.
ഈ രംഗത്തുള്ള നിരവധിപേര്‍ പല മനുഷ്യര്‍ക്കും ദൈവദൂതരായി മാറിയ പല സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. അവയോട് ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്നത്. ട്രാഫിക് ബ്ലോക്ക് കാരണം ശസ്ത്രക്രിയ വെെകുമെന്ന് മനസിലാക്കിയ ഒരു ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്ററിലധികമാണ്.
സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്ട്രോ-എന്‍ട്രോളജി സര്‍ജന്‍ ഡോ. ഗോവിന്ദ് നന്ദകുമാര്‍ ആണ് ഇത്തരത്തില്‍ ഒരു മഹത്തായ കാര്യം ചെയ്തത്.
സര്‍ജാപൂര്‍-മാറാത്തഹള്ളി റോഡില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴ നിമിത്തം റോഡാകെ നാശമായി കിടക്കുകയായിരുന്നു അതിനാല്‍ത്തന്നെ വലിയ ട്രാഫിക് പ്രശ്നവും ഉടലെടുത്തു.
ഗൂഗിള്‍ മാപ്പ് വഴി പരിശോധിച്ച ഡോ. ഗോവിന്ദ് നന്ദകുമാറിന് താന്‍ ആശുപത്രിയില്‍ എത്താന്‍ ഏറെ വൈകുമെന്ന് മനസിലായി. ഏറ്റവും അടിയന്തര ലാപ്രോസ്കോപിക് പിത്തസഞ്ചി ശസ്ത്രക്രിയ അദ്ദേഹം അന്ന് നടത്തേണ്ടതായി ഉണ്ടായിരുന്നു.
സ്വാഭാവികമായും ശസ്ത്രക്രിയ മുടങ്ങുമെന്ന് മനസിലാക്കയ അദ്ദേഹം കാര്‍ തന്‍റെ ഡ്രൈവറെ ഏല്‍പിച്ച ശേഷം ഓടിത്തുടങ്ങുകയായിരുന്നു. ഏകദേശം മൂന്നു കിലോമീറ്റിലധികമാണ് അദ്ദേഹം ഇത്തരത്തില്‍ ഓടിയത്.
ഡോക്ടര്‍ എത്തുമ്പോഴേക്കും ആശുപത്രിയിലെ സ്റ്റാഫ് ശസ്ത്രക്രിയ്ക്കുള്ള മറ്റൊരുക്കങ്ങളൊക്കെ നടത്തിയിരുന്നു.
ഇതാദ്യമായല്ല ഡോ. ഗോവിന്ദ് നന്ദകുമാര്‍ ഇത്തരത്തില്‍ രോഗികള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുള്ളത്. മുമ്പും ബംഗളൂരുവിലെ പലയിടങ്ങളിലും കാല്‍ നടയായും റെയില്‍വേ ലൈനുകള്‍ കടന്നും അദ്ദേഹം ചികിത്സിക്കാനായി എത്തിയിട്ടുണ്ട്.
രോഗികള്‍ക്കും ഒരു കുടുംബമുണ്ടെന്നും അവര്‍ തങ്ങളെയാണ് പ്രതീക്ഷയോടെ കാണുന്നതെന്നുമാണ് ഈ നല്ല ഡോക്ടര്‍ തന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കാരണമായി പറയുന്നത്.