"ശാക്തീകരണം'; വിവാഹ വസ്ത്രം കത്തിച്ചൊരു വിവാഹമോചനാഘോഷം
Wednesday, April 26, 2023 12:43 PM IST
വിവാഹ മോചനം വാര്‍ത്തയല്ലാതായ ഒരു കാലഘട്ടമാണല്ലൊ. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പലര്‍ക്കും മനസില്‍ മുറിവ് സമ്മാനിക്കുന്ന ഒരു കാര്യമാണിത്.
സാധാരണ മോചനം നേടുന്ന വ്യക്തികള്‍ ഈ ദിവസങ്ങളില്‍ ആകെ തകര്‍ന്നവരോ ദുഃഖിതരോ ഒക്കെ ആയാണ് കാണപ്പെടുക. എന്നാല്‍ എല്ലാവരും അങ്ങനെ അല്ലാതാനും.
10 വര്‍ഷം നീണ്ട തന്റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്ത.ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.
അമേരിക്കയിലുള്ള ലോറന് ബ്രൂക്ക് എന്ന യുവതിയാണ് ഇത്തരമൊരു കാര്യം ചെയ്തത്. 2012-ല്‍ വിവാഹിതയായ അവര്‍ 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി.
കരഞ്ഞുതീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഒരു ശാസ്ത്രീകരണ ഫോട്ടോഷൂട്ട് നടത്താന്‍ ലോറന് തീരുമാനിച്ചു. ഫോട്ടോഗ്രാഫറായ അമ്മയുടെ സഹായവും ലഭിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ചുവന്ന വസ്ത്രം ധരിച്ച് വിവാഹ ചിത്രം കീറുന്ന യുവതിയെ കാണാം. പോരാഞ്ഞിട്ട് വിവാഹ വസ്ത്രത്തിന് തീയിടുന്നതും വ്യക്തമാണ്. സംഭവം നെറ്റിസണില്‍ ചര്‍ച്ചയായി. വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ എത്തുകയുണ്ടായി.