മംഗളവാർത്ത കാലത്തിലൂടെ മരിയയുടെ കലായാത്ര! അപൂർവ പെയിന്റിംഗ് സമാഹാരവുമായി ബിഡിഎസ് വിദ്യാർഥിനി
Monday, January 17, 2022 2:36 PM IST
പഠനത്തിരക്കിനിടയിലും ഉള്ളിലെ കലയെ ആവാഹിച്ച് മരിയ ജൈത്രയാത്ര തുടരുകയാണ്. ഒഴിവുവേളകൾ പാഴാക്കാതെ വ്യത്യസ്തങ്ങളായ കലാസൃഷ്ടികൾക്ക് രൂപം നൽകുകയാണ് കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശിനിയായ ഈ ബിഡിഎസ് വിദ്യാർഥിനി.
ക്രിസ്മസിനോടനുബന്ധിച്ച് മരിയ പൂർത്തിയാക്കിയ "ആൻ ആർട്ടിസ്റ്റ് ജേർണി ടു ബത്ലഹേം' എന്നു പേരിട്ട അപൂർവ പെയിന്റിംഗ് സമാഹാരം ഈ മിടുക്കിയുടെ കലാപ്രതിഭയും ആത്മീയ ഉൾക്കാഴ്ചയും വിളിച്ചോതുന്നു. കത്തോലിക്കാസഭയുടെ ആരാധനക്രമ വത്സരത്തിൽ മംഗളവാർത്ത കാലത്തിലെ 25 ബൈബിൾ ഉദ്ധരണികൾ ആസ്പദമാക്കി ചെയ്ത പെയിന്റിംഗ് ശേഖരമാണിത്.
സ്നാപകയോഹന്നാന്റെ പിതാവും പുരോഹിതനുമായ സക്കറിയ മുതൽ കിഴക്കുനിന്നുള്ള രാജാക്കന്മാരുടെ സന്ദർശനം വരെ 25 പെയിന്റിംഗുകളാണ് ഈ അപൂർവശേഖരത്തിലുള്ളത്. ഓരോ പെയിന്റിംഗിലും ആധാരമായ ബൈബിൾ ഉദ്ധരണികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പെയിന്റിംഗ് ശേഖരം പുറത്തിറക്കുന്നത് എന്നത് മരിയയുടെ വൈഭവം വിളിച്ചോതുന്നു.
2021 ഡിസംബർ ഒന്നുമുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് ഈ പെയിന്റിംഗുകൾ മരിയ പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഈ പെയിന്റിംഗ് സമാഹാരം പ്രകാശനം ചെയ്തു. തന്റെ പെയിന്റിംഗ് സമാഹാരം വില്പന നടത്തി ലഭിക്കുന്ന തുകകൊണ്ട് മഹത്തായൊരു ജീവകാരുണ്യപ്രവർത്തനവും ഈ യുവപ്രതിഭ മുന്നിൽക്കാണുന്നു.
തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി സ്മാരകമായി കരുവഞ്ചാലിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് തുക സംഭാവന നൽകാനാണ് മരിയയുടെ തീരുമാനം.
എടൂർ സെന്റ് മേരീസ് സൺഡേസ്കൂൾ മുഖ്യാധ്യാപകൻ മണലേൽ ജോസ്-അൽഫോൻസ ദന്പതികളുടെ ഏകമകളാണ് മരിയ. ചിത്രരചനയിലും പെയിന്റിംഗുകളിലും ഫോട്ടോഗ്രഫിയിലും സ്കൂൾ, കോളജ് തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള മരിയ അക്കാദമിക് രംഗങ്ങളിലും മികവ് പുലർത്തിവരുന്നു.
ഇന്റർനാഷണൽ ഡെന്റൽ എഡ്യുക്കേഷണലിസ്റ്റ്സ് അസോസിയേഷൻ (IDEA) 2020ൽ രാജ്യാന്തരതലത്തിൽ നടത്തിയ ഗ്രാജ്വേറ്റ് ഡെന്റൽ സയൻസ് എക്സ്ട്രാവെഗൻസയിൽ(ക്വസ്റ്റ്) കേസ് റിപ്പോർട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ടെക്നിക്കൽ നോട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ മരിയ സംഘടന 2021ൽ നടത്തിയ രാജ്യാന്തര ഗ്രാജ്വേറ്റ് ഡെന്റൽ സയൻസ് എക്സ്ട്രാവെഗൻസയിൽ ടേബിൾ ക്ലിനിക് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
കൂടാതെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ പാത്തോളജിസ്റ്റ്സ് കഴിഞ്ഞവർഷം നടത്തിയ ദേശീയ ഓറൽ പാത്തോളജി യുജി സമിറ്റിൽ സയന്റിഫ്ക് കേസ് പ്രസന്റേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
വിവിധ അല്മായ സംഘടനകളിലെ ഭാരവാഹിയെന്നതിനു പുറമെ അറിയപ്പെടുന്ന ജൈവ കർഷകൻകൂടിയാണ് മരിയയുടെ പിതാവ് ജോസ് മണലേൽ. അപൂർവ നാടൻ വിത്തിനങ്ങളും നാടൻ കിഴങ്ങുവർഗങ്ങളും സംരക്ഷിക്കുന്നതിന് രൂപീകൃതമായ കേന്ദ്ര ഗവേഷണസ്ഥാപനമായ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിന്റെ കണ്ണൂർ ജില്ലയിലെ കസ്റ്റോഡിയൻകൂടിയാണ് ഇദ്ദേഹം.