സന്തോഷം മാഞ്ഞ നിമിഷം: പഞ്ചാബിൽ കർവ ചൗത്ത് ആഘോഷത്തിനിടെ നൃത്തം ചെയ്ത വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
Tuesday, October 14, 2025 3:31 PM IST
പഞ്ചാബിലെ ബർണാലയിൽ കർവ ചൗത്ത് ആഘോഷത്തിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. തപാ മണ്ഡി മേഖലയിൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തത്തിനിടെ 59-കാരിയായ ആശാ റാണി കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. സന്തോഷത്തിൽ മതിമറന്ന ആഘോഷം നിമിഷനേരം കൊണ്ടാണ് ദുഃഖത്തിന്റെ പടുകുഴിയിലേക്ക് വീണത്.
കർവ ചൗത്ത് ചടങ്ങുകളുടെ ഭാഗമായി ഭർത്താവിനായി ഉപവാസം അനുഷ്ഠിച്ച ശേഷമായിരുന്നു ആശാ റാണി മറ്റ് സ്ത്രീകളോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നത്. നൃത്തം ചെയ്യുന്നതിനിടെ അവർക്ക് പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുന്നതും സ്വയം താങ്ങി നിർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ, അടുത്ത നിമിഷം തന്നെ അവർ തറയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു. നൃത്തവും പാട്ടും തുടർന്നിരുന്നതിനാൽ, തുടക്കത്തിൽ സമീപത്തുണ്ടായിരുന്നവർക്ക് പോലും ഈ വീഴ്ചയുടെ ഗൗരവം മനസിലാക്കാൻ കഴിഞ്ഞില്ല. മിനിറ്റുകൾക്ക് ശേഷം അവർ അനങ്ങുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആളുകൾ ഓടിക്കൂടിയത്.
ഉടൻ തന്നെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഐതിഹ്യപരമായ ചടങ്ങിനിടെയുണ്ടായ ഈ ആകസ്മികമായ വിയോഗം ആശാ റാണിയുടെ കുടുംബത്തെയും പ്രദേശവാസികളെയും വലിയ ഞെട്ടലിലാണ് എത്തിച്ചിരിക്കുന്നത്.
ആരോഗ്യവാനായ വ്യക്തികളിൽ പോലും ഇത്തരം ദുരന്തങ്ങൾ അടുത്തകാലത്തായി സംഭവിക്കുന്നുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അടുത്തിടെ അമൃത്സറിൽ നിന്നും സമാനമായ ഒരു ദുരന്തവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
"ടൈഗർ 3' ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുകയും 2009-ലെ "മിസ്റ്റർ ഇന്ത്യ' പട്ടം നേടുകയും ചെയ്ത പ്രമുഖ ബോഡി ബിൽഡർ വരീന്ദർ സിംഗ് ഘുമാൻ (43) തോളുവേദനയ്ക്ക് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞ സംഭവം ഈ ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ്.