സെ​ക്യൂ​രി​റ്റി​ക്കാ​ര​നെ​തി​രെ ന​ട​പ​ടി : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റിയിലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ട്ടി​ക്കൊ​ടു​ത്തു
Monday, August 11, 2025 6:42 AM IST
നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണി​ച്ചു കൊ​ടു​ത്ത​തി​നു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രനു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ സു​രേ​ഷ്കു​മാ​റി​നെ 15 ദി​വ​സം ജോ​ലി​യി​ൽനി​ന്നു മാ​റിനി​ൽ​ക്കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് നി​ർ​ദേശം ന​ൽ​കി. ​സിപിഎം പ​റ​ണ്ടോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയാണു സു​രേ​ഷ് കു​മാ​ർ. ക​ഴി​ഞ്ഞ മൂന്നിനു ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ർ​ഡിഒയു​ടെ സാ​ന്നി​ധ്യത്തി​ൽ ഇ​ൻ​ക്വ​സ്റ്റി​നു നി​ശ്ച​യി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ, ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീൻ ന​ട​ത്തു​ന്ന ആ​ൾ​ക്കും ബ​ന്ധു​ക​ൾ​ക്കു​മാ​ണ് ഫ്രീ​സ​ർ തു​റ​ന്നു മൃ​ത​ദേ​ഹം കാ​ണി​ച്ചു കൊ​ടു​ത്ത​ത്. മോ​ർ​ച്ച​റി​യു​ടെ താ​ക്കോ​ൽ സൂ​ക്ഷി​ക്കേ​ണ്ട​ത് ന​ഴ് സിം​ഗ് സ്റ്റാ​ഫാ​ണ്. ഇ​വ​ർ അ​റി​യാ​ തെയാണു സു​രേ​ഷ്‌​കു​മാ​ർ താ​ക്കോ​ൽ എ​ടു​ത്തു കൊ​ണ്ടു​പോ​യി മോ​ർ​ച്ച​റി തു​റ​ന്ന​ത്. സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണം ഉ​ണ്ട്.