തളിപ്പറമ്പ്: ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറന്പ് സർ സയ്യിദ് കോളജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ശാസ്ത്രപ്രദർശനവും ഫിലിം ഫെസ്റ്റിവലും "സ്പെയ്സ് സൂത്ര-25' 11, 12 തീയതികളിലായി നടക്കും.
നാളെ രാവിലെ 10ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസ് ഡയറക്ടർ ഡോ. കെ.വി. സുജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. എക്സിബിഷൻ ഉദ്ഘാടനം മാനേജർ മഹമൂദും ഫിലിം ഫെസ്റ്റിവെൽ സിഡിഎംഇഎ ജനറൽ സെക്രട്ടറി അള്ളാംകുളം മഹമൂദും ഫുഡ് ഫെസ്റ്റിവൽ പയ്യാമ്പലം ഡിസ്നി വേവ്സ് മാനേജിംഗ് ഡയറക്ടർ സി.വി. ഫൈസലും നിർവഹിക്കും. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി പങ്കെടുക്കാം.
നക്ഷത്ര നിരീക്ഷണം, ക്വിസ് മത്സരം, പ്രബന്ധരചന, കവിതാരചന, ചെറുകഥാരചന, ഗവേഷണ രചനകൾ പരിചയപ്പെടൽ, മെഹന്തിയിടൽ മത്സരം, റോക്കറ്റ് മോഡൽ നിർമാണം, സുഡോക്കു തുടങ്ങിയവ കോളജിൽ നടത്തിവരുന്നുണ്ട്. ഊർജതന്ത്ര വിഭാഗത്തിലെ ബിരുദ-ബിരുദാനന്ത വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് വാനനിരീക്ഷണം പഠനയാത്രയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ഡോ. കെ.കെ. ഫൈറൂസ്, ഡോ. ടി.പി. നഫീസ ബീവി, ഡോ. പി. ഹാരിസ്, ഷിസ ഖദീജ, റിഫാൻ, നിമ ഫാത്തിൻ എന്നിവർ പങ്കെടുത്തു.