കൊട്ടിയം: പ്രകൃതിദത്തമായ ആരോഗ്യജീവിതം ഉറപ്പാക്കാന്‍ മാതൃകാപദ്ധതിയുമായി മുഖത്തല ബ്ലോക്ക്പഞ്ചായത്ത്. വൃക്ഷലതാദികളുടെ സമൃദ്ധിയും ഫലവൃക്ഷവൈവിധ്യവും ഒരുക്കിയാണ് പ്രാഥമികഘട്ടത്തില്‍ ഒരു ലക്ഷം രൂപ ചിലവഴിച്ച് പ്ലാന്റേഷന് പദ്ധതി നടപ്പിലാക്കുക. 2025 -2026 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ തുടക്കം.
വിദേശത്തുനിന്നുള്ളവ ഉള്‍പ്പെടുന്ന വൃക്ഷവൈവിധ്യമാണ് പ്രദേശത്ത് വരുംനാളുകളില്‍ കാണാനാകുക. ബ്ലോക്ക് പരിധിയിലുള്ള പൊതുജനാരോഗ്യകേന്ദ്രമാണ് പദ്ധതിനിര്‍വഹണത്തിനായി തെരഞ്ഞെടുത്തത്. ഇവിടെയുള്ള ഒരു ഏക്കര്‍ ഭൂമിയില്‍ 40 തരം ഫലവൃക്ഷത്തൈകളാണ് കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ നട്ടത്. മരങ്ങളുടെ സാന്നിധ്യത്തിലൂടെ ശുദ്ധവായു ഉറപ്പാക്കാനാകും.
പേരയ്ക്ക, സീതപ്പഴം, സപ്പോട്ടയുടെ ഇനങ്ങളായ കലപട്ടി, തായ് ലന്‍ഡ് ബനാന ഗ്രാഫ്റ്റ്, ചാമ്പ ഇനമായ ഡല്‍ഹരി, മാവിനങ്ങളായ കോട്ടൂര്‍ കോണം, മല്ലിക, കൊലമ്പ് എച്ച് ജി ഗ്രാഫ്റ്റ്, സീഡ്ലെസ് ലെമണ്‍, ബാര്‍ബദോസ് ചെറി, റംബൂട്ടാന് എന്‍ 18, പ്ലാവിനമായ ജാക്ക് ജെ 33, ജാക്ക് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, അവാകാഡോ, അമ്പഴം എന്നിവയോടൊപ്പം വിദേശരാജ്യങ്ങളില്മാത്രംകണ്ടുവരുന്ന റോളീനിയ, അബിയു, തുടങ്ങിയ ഫല വൃക്ഷങ്ങളുമുണ്ട്. അത്യുത്പാദനശേഷിയുള്ളവ നട്ടതുവഴി മൂന്നുവര്‍ഷത്തിനുള്ളില്‍ വിളവെടുക്കാം.
100 രൂപ മുതല്‍ 550 രൂപ വരെയാണ് ഓരോ തൈകളുടെയും വിപണി വില. ഡോളോ മൈറ്റ്, വെര്‍മി കമ്പോസ്റ്റ്, അബ്ടക് സൂപ്പര്‍ മീല്‍ എന്നീ വളങ്ങളാണ് പഞ്ചായത്ത് നല്കി വരുന്നത്. വളര്‍ന്നുവരുന്ന 40 ഫലവൃക്ഷത്തൈകളുടെ സംരക്ഷണത്തിന് 6,000 രൂപ ചെലവില്‍ 0.5 മീറ്റര്‍ നീളത്തിലുള്ള ട്രീ ഗാര്‍ഡ് വയ്ക്കുകയാണ്. വളവും വെള്ളവും നല്‍കിയുള്ള പരിപാലനം നെടുമ്പന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. തൈകള്‍ എല്ലാം കൃഷിവകുപ്പിന്റെ അഗ്രോ സര്‍വീസ് സെന്ററില്‍ നിന്നാണ് വാങ്ങിയത്.
സുഭിക്ഷകേരളം ഉറപ്പാക്കുക, അന്തരീക്ഷത്തില്‍ കാര്ബണ്തോത്കുറയ്ക്കുക,പരിസ്ഥിതിസംരക്ഷണം, തണലിനൊപ്പം ആദായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. മറ്റു പഞ്ചായത്തുകളിലേക്കുംപദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമം. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്വീട്ടില്പദ്ധതിയ്ക്കായുള്ള സ്ഥലപരിശോധന നടത്തി എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി .യശോദ പറഞ്ഞു.