ജിജുമോൻ മത്തായി
കുണ്ടറ: മത്സ്യസമ്പത്തിനു പേരുകേട്ട നാടാണ് കുണ്ടറ. ഇവിടെ മൂന്നു മാർക്കറ്റുകൾ നിലവിലുണ്ട്. ഈ മൂന്നു മാർക്കറ്റുകളിലും ആരും എത്താറില്ല. എന്തിനു മാർക്കറ്റിൽ പോകണം. ജനത്തിന്റെ സൗകര്യാർഥം പെരുവഴിയിലും ഫുട്പാത്തിലും മത്സ്യക്കച്ചടവടക്കാരുണ്ട്. കുണ്ടറയിലെ മൂന്നു ജംഗ്ഷനുകളിലായി 15ലേറെ മീൻ വിൽക്കുന്ന പെട്ടിക്കടകൾ ഉണ്ട്. ഇരുപതിലേറെ വഴിയോര കച്ചവടക്കാരുമുണ്ട്. പിന്നെ എന്തിനാണ് മാർക്കറ്റിൽ പോകുന്നതെന്നാണ് ജനം ചോദിക്കുന്നത്.
കുറച്ചു നാളുകളായി ഒരു നിയന്ത്രണവുമില്ലാതെ തോന്നിയ രീതിയിലാണ് മീൻ കച്ചവടം നടക്കുന്നതെന്നു പരാതിക്കാർക്കു പറയാം. പക്ഷേ, കടമുറിയെടുക്കാതെ, നികുതി അടയ്ക്കാതെ കുണ്ടറക്കാർക്കും പുറത്തുനിന്നും വന്നവർക്കും വഴിയോരത്ത് കച്ചവടം നടത്താൻ സാധിക്കുന്നുണ്ടെങ്കിൽഅതല്ലേ നല്ലതെന്നു ചോദിക്കുന്നവരുമുണ്ട്.
ജനത്തിന്റെ ആവശ്യം പരിഗണിച്ചു പഞ്ചായത്തുകൾ മൗനം പാലിക്കുന്നുണ്ട്. ആർക്കും എവിടെയും ഏതു റോഡിന്റെ സൈഡിലും ഏതു ഭാഗത്തും ഇരുന്നു കച്ചവടം ചെയ്യാനുള്ള അവകാശം നൽകുന്ന ഉദ്യോഗസ്ഥരെ സ്തുതിക്കണം. ശ്രീനാരായണ ഗുരു മന്ദിരത്തിനു സമീപമായി ഷീറ്റ് അടിച്ച താൽക്കാലിക കടകൾ നിരനിരയായി നിർമിച്ച് വൻതോതിൽ മത്സ്യ വ്യാപാരം നടത്തിവരുന്നുണ്ട്.
സമീപത്തുള്ള കടകളിൽ കോഴി, ആട്, മാട് ഇറച്ചി വ്യാപാരം, പച്ചക്കറി, ബേക്കറി, ലോട്ടറി കടകൾ എന്നിവ ധാരാളമായി തുടങ്ങിയതിന്റെ കാരണവും ഇവിടെ മത്സ്യം മേടിക്കാൻ വരുന്ന ജനബാഹുല്യമാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഈ പ്രദേശത്ത് അതിരാവിലെ മുതൽ രാത്രി വരെ ഗതാഗതകുരുക്കും കൂടെ ദുർഗന്ധവുമുണ്ട്. കച്ചവടം നടക്കുന്ന സ്ഥലമായതിനാൽ ആളുകൾ വരും.
മൂന്നു വലിയ ഫിഷ് മാർക്കറ്റുകളാണ് അനാഥമായി കിടക്കുന്നത്. മുമ്പ് ഈ ചന്തകളിൽ നിന്നും നല്ല ഒരു തുക പഞ്ചായത്തിനു നികുതി പിരിവായി ലഭിച്ചുകൊണ്ടിരുന്നതാണ്.എന്നാൽ അതെല്ലാം വേണ്ടെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഇതുനിർത്തിയതോടെ ഉദ്യോഗസ്ഥർ നല്ലൊരു കാര്യം കൂടി ചെയ്തു. അസഹനീയമായ ദുർഗന്ധം, ജലജന്യ രോഗങ്ങൾ, ഗതാഗത തടസങ്ങൾ, ചെറുതും വലുതുമായ അപകടങ്ങൾ എന്നിവ സൗജന്യമായി നാട്ടിൽ ഉണ്ടാക്കി.
അതിനിടയിൽ വീതിയില്ലാത്ത റോഡിന്റെ സൈഡിൽ വലിയ വണ്ടി നിർത്തിയിട്ട് അതിനു സമീപം നീണ്ട ഒരു ക്യൂവുമുണ്ടാക്കി വണ്ടിക്കച്ചവടം വേറെയും നടന്നു വരുന്നു. കുണ്ടറ മുക്കടയുടെ ഹൃദയ ഭാഗത്ത് കുരിശടിക്കു പിന്നിലായി സ്ഥിതി ചെയ്യുന്ന ഫിഷ് മാർക്കറ്റിനു 50 വർഷത്തി ലേറെ പഴക്കമുണ്ട്. എന്നാൽ പുതിയ ബഹുനില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടു 25 വർഷം കഴിഞ്ഞതേയുള്ളു. ആദ്യമൊക്കെ നല്ല സുഗമമായി നടന്നുവന്ന മാർക്കറ്റ് ഇപ്പോൾ വഴികച്ചവടക്കാരുടെ അതിപ്രസരം മൂലം ആളൊഴിഞ്ഞ അവസ്ഥയിലാണ്.
കഴിഞ്ഞ 20 വർഷത്തിലേറെയായി കച്ചവടം ചെയ്യുന്ന രണ്ടുമൂന്നു പേർ മാത്രമേ ഇപ്പോൾ വല്ലപ്പോഴും വരുന്നുള്ളു അവർക്കുള്ള പരാതി വഴിക്കച്ചവടക്കാർ മുഖാന്തിരം കൊണ്ടുവരുന്ന കുറച്ചു മീൻ പോലും രണ്ടു മൂന്ന് ദിവസമായിട്ടാണ് വിൽക്കുന്നതെന്നാണ്.
കുണ്ടറ പള്ളിമുക്കിന്റെ മധ്യഭാഗത്ത് റെയിൽവേ ക്രോസിനോട് ചേർന്നാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്, വിശാലമായ പ്ലേ ഗ്രൗണ്ട്, പാർക്കിംഗ് അന്തരീക്ഷം എല്ലാം ഇവിടെ സുലഭമാണ്.
എന്നിട്ടും തെരുവുനായ്ക്കളും സാമൂഹ്യവിരുദ്ധരും മാത്രമാണ് ഇതിൽ ഇപ്പോൾ അധിവസിക്കുന്നത്, ആട്, കോഴി, തേങ്ങ തുടങ്ങിയവയുടെ വിപണന കേന്ദ്രമായിരുന്നു പള്ളിമുക്ക് ചന്ത.
പതിനാ യിരക്കണക്കിന് രൂപയുടെ ബിസിനസ് നടത്തിയിരുന്നു. കുണ്ടറ പള്ളിമുക്ക് ഈസ്റ്റിലാണ് അടുത്ത മാർക്കറ്റുള്ളത്. ഇത് കാളച്ചന്ത എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞു കാള പോയിട്ട് ഒരു കോഴിയെ പോലും വിൽക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടില്ല.
ഇപ്പോൾ ഈ കെട്ടിടവും മാലിന്യ കൂമ്പാരമായി കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്.