കൊല്ലം: ഇന്ത്യയിലെ രുപതകളുടെ മാതാവാണ് കൊല്ലം രൂപതയെന്ന് സിഎസ്ഐ സഭ കൊല്ലം - കൊട്ടാരക്കര രുപതാധ്യക്ഷൻ ബിഷപ്. ഡോ. ജോസ് ജോർജ്. കൊല്ലം രൂപതയുടെ 696-ാം സ്ഥാപിത ദിനാചരണം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരത ക്രൈസ്തവസഭകളുടെ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണ് ഓഗസ്റ്റ് ഒൻപതെന്നും ഭാരതത്തെ രൂപപ്പെടുത്തിയതിൽ ക്രൈസ്തവ സഭകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് സവിശേഷമായ സ്ഥാനം ഉണ്ടെന്നും ബിഷപ് പറഞ്ഞു.
യേശു ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി എത്തിയ കത്തോലിക്ക, എൽ എം എസ്, സി എം എസ്, ബാസൽ മിഷൻ മിഷണറിമാർ ഭാരതത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിൽ ചെലുത്തിയ സ്വാധീനം വളര വലുതാണ്. കത്തലാനിയയുടെ ചരിത്രം കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ച നമ്മൾക്ക് കത്തലാനിയയുടെ സഞ്ചാര കൃതിയായ മിറാബിലിയ ഡിസ്ക്രിപ്തയിൽ ഭാരതത്തിന്റെ അന്നത്തെ സാമൂഹിക അവസ്ഥ പ്രതിപാദിച്ചിട്ടുണ്ടെന്നും സിഎസ്ഐ ബിഷപ് പറഞ്ഞു.
ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ റവ.ഡോ. ജോർജ് റോബിൻസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ, റവ.മോൺ.ഫ്രെഡിനാന്റ് കായാവിൽ,ഫാ. ലാസർ എസ്. പട്ടകടവ്, അഡ്വ. ഇ.എമേഴ്സൺ, സജീവ് പരിശ വിള, എ.ജെ.ഡിക്രൂസ്, സാജു കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഹെറിറ്റേജ് കമ്മീഷന്റെ അഭിമുഖ്യത്തിൽ കത്തലാനിയയുടെ യാത്രകൾ എന്ന വിഷയത്തിൽ നടന്ന ചരിത്ര സെമിനാറിൽ റവ. ഡോ. ജോസ് പുത്തൻവീട്, പ്രഫ. ഡോ. എസ്. റെയ്മൻ എന്നിവർ കത്തലാനി സ്മാരക പ്രഭാഷണം നടത്തി. ഹെറിറ്റേജ് കമ്മീഷൻ നടത്തിയ ക്വിസ് ,കവിതാരചന മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി സമ്മാനിച്ചു.
ഭക്തിസാന്ദ്രമായി രൂപതയുടെ വാർഷിക ദിനാഘോഷം
കൊല്ലം : മഹത്തായ 696 വർഷങ്ങളുടെ ആത്മീയ പാരമ്പര്യ നിർവൃതിയിൽ ഭക്തി സാന്ദ്രമായി കൊല്ലം രൂപതയുടെ വാർഷിക ദിനാഘോഷം. കൊല്ലം രൂപതയുടെ സ്ഥാപക വാർഷിക ദിനാഘോഷ സംഗമത്തിൽ വിവിധ ഇടവകകളിൽ നിന്നായി 700 ലധികം കൊമ്പിരിയ സഭാംഗങ്ങൾ പങ്കെടുത്തു.
കൊബ്രിയ സഭ രൂപത ഡയറക്ടർ ഫാ. ജോളി ഏബ്രഹാം പരിപാടിക്ക് ആമുഖ പ്രസംഗം നടത്തി. ഫാ. സേവിയർ ലാസർ ആത്മീയ ക്ലാസ് നയിച്ചു. ഫാ. ജോസഫ് കൊമ്പിരിയ സഭാംഗങ്ങൾക്ക് ആശംസകൾ നേർന്നു. തങ്കശേരി ഹോളി ക്രോസ് പള്ളിയിൽ നിന്നും ആരംഭിച്ച ഭക്തിനിർഭരമായ പ്രദക്ഷിണം, ഭക്തിഗാനങ്ങളും ജപമാല പ്രാർഥനകളും നിറഞ്ഞ അന്തരീക്ഷത്തിൽ തങ്കശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന വിശുദ്ധ ബലിക്ക് ബിഷപ് പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. പിന്നീട് ആരാധനാഭരിതമായ വിശുദ്ധ ബലിയോടെ വാർഷിക ദിനാഘോഷം സമാപിച്ചു.