ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 10 സ്കൂളുകളില്‍ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇന്ററാക്ടീവ് ക്ലാസ് റൂം പഠന രീതിക്കു തുടക്കമായി. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
ഒരു സ്കൂളില്‍ ഒരു ക്ലാസ് മുറി എന്ന രീതിയിലാണ് പത്തു സ്കൂളുകളിള്‍ പ്രാഥമികമായി പദ്ധതി നടപ്പിലാക്കിയത്. ഓരോ ക്ലാസ് മുറിക്കും രണ്ടു ലക്ഷം രൂപ വീതം 20 ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ആംപ്ലിഫയര്‍ സെറ്റ്, വൈറ്റ് ബോര്‍ഡ് മാഗ്നറ്റിക് സെെസ്, ഇന്ററാക്ടീവ് പാനല്‍ ട്രോളി, ടോപ്പ് ഇന്ററാക്ടീവ് പാനല്‍ എക്സിക്യൂട്ടീവ് ടേബിള്‍ എന്നിവ അടങ്ങുന്നതാണ് സ്മാര്‍ട്ട് ക്ലാസ് റൂം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നഗരസഭ പരിധിയിലെ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, മുഹമ്മദന്‍സ് ബോയ്സ്, ഗേള്‍സ് ഹൈസ്കൂള്‍, ആര്യാട് സ്കൂള്‍, പൂന്തോപ്പില്‍ ഭാഗം സ്കൂള്‍, തിരുവമ്പാടി യുപി സ്കൂള്‍, എസ്ഡിവി ജെബി സ്കൂള്‍, കളര്‍കോട് എല്‍പിഎസ്, കളര്‍കോട് യുപിഎസ്, മുഹമ്മദനന്സ് എച്ച്എസ് എല്‍പിഎസ് എന്നീ സ്കൂളുകളിലെ ഓരോ ക്ലാസ് റൂമുകളിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, സ്ഥിരം സമിതി അംഗങ്ങളായ ബി. നസീര്‍, സിമിഷാഫിഖാന്‍, ഗോപിക വിജയപ്രസാദ്, നിര്‍വഹണ ഉദ്യോഗസ്ഥ നസിയ, പിടിഎ പ്രസിഡന്റ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.