ഐ​സു​മാ​യി വ​ന്ന വാ​ഹ​നം തെ​ന്നി​മ​റി​ഞ്ഞു
Wednesday, August 13, 2025 11:15 PM IST
ഹരി​പ്പാ​ട്: ഹാ​ർ​ബ​റി​ലേ​ക്ക് ഐ​സു​മാ​യി വ​ന്ന ക​വ​ചി​ത വാ​ഹ​നം റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞു. ഡ്രൈ​വ​ർ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡീ​സ​ൽ ചോ​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കി. തീ​ര​ദേ​ശപാ​ത​യി​ൽ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. ഇന്നലെ രാ​വി​ലെ പ​ത്തോ​ടെ തീ​ര​ദേ​ശ​പാ​ത​യി​ൽ ആ​റാ​ട്ടു​പു​ഴ രാ​മ​ഞ്ചേ​രി തി​ങ്കേ​ഴ്‌​സ് ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

പു​റ​ക്കാ​ട്ട് നി​ന്നു അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ലേ​ക്കു പോ​യ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്. എ​തി​രേ വ​ന്ന ബ​സി​നെ ക​യ​റ്റി​വി​ടു​ന്ന​തി​നാ​യി വ​ശം ചേ​ർ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി റോ​ഡി​ന് കു​റു​കേ മ​റി​യു​ക​യാ​യി​രു​ന്നു. ഷാ​ന​വാ​സ് എ​ന്ന​യാ​ളാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

ഇ​ദ്ദേ​ഹം കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​റി​ഞ്ഞ വാ​ഹ​നം ത​ട്ടി എ​ബി സ്വി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ഡ​ബി​ൽ പോ​ൾ സ്‌​ട്രെ​ച്ച​ർ ത​ക​ർ​ന്നെ​ങ്കി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ൽ ആ​പ​ത്ത് ഒ​ഴി​വാ​യി.

ച​തു​പ്പ് ഭാ​ഗ​ത്തേ​ക്ക് മ​റി​യാ​ഞ്ഞ​തും ഭാ​ഗ്യ​മാ​യി. വാ​ഹ​നം മ​റി​യു​ന്ന​തു​ക​ണ്ട് എ​ളു​പ്പ​ത്തി​ൽ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ർ മ​റി​ഞ്ഞ് ര​ണ്ടു സ്ത്രീ​ക​ൾ​ക്കും ചെ​റി​യ പ​രി​ക്കേ​റ്റു.

വ​ലി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ദി​വ്യ, ദീ​പ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി.