ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ ദൈവരാജ്യവിരുന്ന് സ്വന്തമാക്കിയവളാണെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. അല്‍ഫോന്‍സാ തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
സഹനത്തിന്റെ പാതയിലൂടെ അല്‍ഫോന്‍സാമ്മ തന്നെത്തന്നെ സ്വയം ദൈവികമായ യാഗവസ്തുവായി രൂപാന്തരപ്പെടുത്തി ഈശോയുമായി ഗാഢമായ ഐക്യം പ്രാപിച്ചു. ഈ ഗാഢ ഐക്യമാണ് നിത്യജീവിതത്തിലേക്ക് മഹത്വീകൃതയായി പ്രവേശിച്ച് നമുക്ക് സ്വര്‍ഗീയ മധ്യസ്ഥയായി നില്ക്കാന് അല്‍ഫോന്‍സാമ്മയെ പ്രാപ്തയാക്കിയതെന്നും ബിഷപ് പറഞ്ഞു.
മൂന്നാം ദിനമായ ഇന്നലെ ഫാ. ഏബ്രഹാം കണിയാംപടിക്കല്, ഫാ. കുര്യന് മുക്കാംകുഴിയില്‍, ഫാ. സെബാസ്റ്റ്യന്‍ തെക്കെക്കരോട്ട്, ഫാ. ജിജോ പ്ലാത്തോട്ടം, ഫാ. മാത്യു വാഴചാരിക്കല്‍, ഫാ. തോമസ് ചില്ലയ്ക്കല്‍, ഫാ. തോമസ് മേനാച്ചേരി, ഫാ. തോമസ് കൊച്ചോടയ്ക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസഫ് കദളിയില്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജേക്കബ് കടുതോടില്‍ ജപമാല പ്രദക്ഷിണത്തിനും കാര്‍മികത്വം വഹിച്ചു.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30, 6.45, 8.30, ഉച്ചകഴിഞ്ഞ് 2.30, 3.30, വൈകുന്നേരം 5.00, രാത്രി 7.00 - വിശുദ്ധ കുര്‍ബാന. രാവിലെ 10ന് വിശുദ്ധ കുര്‍ബാന (മലങ്കര ക്രമം) - പത്തനംതിട്ട രൂപത ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ്, 11.30ന് വിശുദ്ധ കുര്‍ബാന - താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വൈകുന്നേരം 4.30ന് റംശ, 61.5ന് ജപമാല പ്രദക്ഷിണം.