ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഗണ്യമായ വർധനവ്. എക്കാലത്തെയും വലിയ ഉത്പാദനമാണ് 2024-25 വർഷം ഉണ്ടായതെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഭക്ഷ്യ ഉത്പാദനത്തിൽനിന്ന് 7.65 ശതമാനം വർധനയോടെ 2024-25ലെ ഭക്ഷ്യ ഉത്പാദനം എത്തിനിൽക്കുന്നത് 35.77 കോടി ടണ്ണിലാണ്.
കഴിഞ്ഞ വർഷം 33.22 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളായിരുന്നു രാജ്യം ഉത്പാദിപ്പിച്ചിരുന്നത്. കേന്ദ്രം കഴിഞ്ഞദിവസം പുറത്തുവിട്ട 2024-25ലെ വിള ഉത്പാദനത്തിന്റെ അവസനഘട്ട അനുമാനത്തിലാണ് പുതിയ കണക്കുകളുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അരി, ഗോതന്പ് ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ള ഗണ്യമായ വർധനവാണ് പുതിയ റെക്കോർഡ് സാധ്യമാക്കിയത്. അരി ഉത്പാദനം കഴിഞ്ഞ വർഷത്തേതിൽനിന്നു 123.59 ലക്ഷം ടണ്‍ വർധിച്ച് 1501.84 ലക്ഷം ടണ്ണിലേക്കും ഗോതന്പ് ഉത്പാദനം 46.53 ലക്ഷം ടണ്‍ വർധിച്ച് 1179.45 ലക്ഷം ടണ്ണിലേക്കുമെത്തി.
ഇതുപോലെ തന്നെ നാടൻ ധാന്യങ്ങൾ, പയർ വർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിന്പ്, പരുത്തി തുടങ്ങിയ ഭക്ഷ്യവർഗങ്ങളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമുണ്ടായിരിക്കുന്ന എട്ടു ശതമാനം വർധന പത്തു വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർധനയാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Tags : Food production Food production All time high Rice Wheat