മുംബൈ: എഡെൽഗീവ് ഹുറൂണ് ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2025 പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ വ്യക്തികൾ 2025ൽ മൊത്തത്തിൽ 10,380 കോടി രൂപ സംഭാവന ചെയ്തു. ഈ ലിസ്റ്റിൽ 12 പുതിയ അംഗങ്ങൾ ഉൾപ്പെടെ 191 ജീവകാരുണ്യപ്രവർത്തകരാണുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള മൊത്തം സംഭാവനയിൽ 85 ശതമാനം വർധനയാണുണ്ടായത്. ഇത് ഇന്ത്യയിലെ ജീവകാരുണ്യ സംസ്കാരത്തിൽ ശക്തമായ കുതിച്ചുചാട്ടമാണ് കാണിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന നല്കുന്ന കാര്യത്തിൽ ഒന്നാമത് എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ ആൻഡ് ഫാമിലിയാണ്. 2708 കോടി രൂപയുടെ വാർഷിക സംഭാവനയാണ് നാടാർ നടത്തിയത്. അഞ്ചു വർഷത്തിനിടെ നാലാം തവണയും അദ്ദേഹം ഇന്ത്യയുടെ ഏറ്റവും ഉദാരമതിയെന്ന പേര് നിലനിർത്തി.
ശിവ് നാടാരുടെ സംഭാവനകൾ ദിവസേന ഏകദേശം 7.4 കോടി രൂപയ്ക്കു തുല്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വർധനയാണ് സംഭാവനകളിൽ ഉണ്ടായിരിക്കുന്നത്. ഈ തുക പ്രധാനമായും നൽകുന്നത് ശിവ് നാടാർ ഫൗണ്ടേഷൻ വഴിയാണ്. ഇത് വിദ്യാഭ്യാസം, കല, സംസ്കാരം എന്നീ മേഖലകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ആദ്യ പത്ത് ഉദാരമതികൾ
പട്ടികയിലെ ആദ്യ പത്തുപേർ ചേർന്ന് ആകെ 5834 കോടി രൂപ സംഭാവന ചെയ്തു. ഇത് മൊത്തം സംഭാവനയുടെ 5834 കോടി രൂപവരും. കഴിഞ്ഞ വർഷത്തെക്കാൾ 26 ശതമാനം വർധനയാണുണ്ടായത്.
ഹിന്ദുജ ഫാമിലി, സുധിർ ആൻഡ് സമീർ മേത്ത, സൈറസ് ആൻഡ് അദാർ പൂനവാല എന്നിവർ ആദ്യ പത്തിൽ ഈ വർഷമെത്തിയവരാണ്. ഏഴ്, ഒന്പത്, പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനി ആൻഡ് ഫാമിലിയുടെ സംഭാവന 626 കോടി രൂപയാണ്. മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും പ്രവർത്തനങ്ങൾ റിലയൻസ് ഫൗണ്ടേഷൻ വഴിയാണ് നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗ്രാമ പരിവർത്തനം, വനിതാ ശക്തീകരണം, പൈതൃക സംരക്ഷണം എന്നിവയാണ് മേഖലകൾ.
മൂന്നാം സ്ഥാനം നിലനിർത്തിയ ബജാജ് ഫാമിലിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ജംനാലാൽ കനിറാം ബജാജ് ട്രസ്റ്റ്, കമലനയൻ ജംനാലാൽ ബജാജ് ഫൗണ്ടേഷൻ എന്നിവയിലൂടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുടനീളം സാമൂഹിക, സാന്പത്തിക സംരംഭങ്ങൾക്കു നേതൃത്വം നല്കുന്നു.
നാലാം സ്ഥാനം നിലനിർത്തി കുമാർ മംഗളം ബിർളയും കുടുംബവും 440 കോടി രൂപ സംഭാവന ചെയ്തു. ഈ തുകയുടെ ഏകദേശം 20 ശതമാനം നേരിട്ട് സ്വകാര്യ ഫണ്ടുകളിൽനിന്നാണ് വന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, വനിതാ ശക്തീകരണം, കായികം എന്നിവയ്ക്കാണ് സംഭാവന നൽകുന്നത്.
അഞ്ചാമതുള്ള ഗൗതം അദാനിയും കുടുംബത്തിന്റെ സംഭാവനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം വളർച്ചയാണുണ്ടായത്. വിദ്യാഭ്യാസം, നൈപുണ്യ വികസനം, കമ്യൂണിറ്റി ആരോഗ്യ പരിപാടികൾ എന്നിവയ്ക്കാണ് സംഭാവന നൽകുന്നത്.
ആറാമതുള്ള നന്ദൻ നിലേകനി സംഭാവനകൾ ചെയ്യുന്നത് നിലേകനി ഫിലാന്ത്രോപ്പീസ് വഴിയാണ്.
നിലേകനി ഫിലാന്ത്രോപ്പീസ് വഴിയുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആവാസവ്യവസ്ഥയുടെ നിർമാണത്തിലും പൊതു ചരക്ക്, സേവനങ്ങളിലെ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
298 കോടി രൂപയുടെ സംഭാവനയുമായി ഹിന്ദുജ ഫാമിലി ആദ്യ പത്ത് സ്ഥാനങ്ങളിൽ തിരിച്ചെത്തി.
ഹിന്ദുജ ഫൗണ്ടേഷനിലൂടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിര ഉപജീവന പരിപാടികളാണ് ലക്ഷ്യമിടുന്നത്.
എട്ടാമതുള്ള രോഹിണി നിലേകനി പട്ടികയിലെ ഏറ്റവും ഉദാരമതിയായ വനിതാ മനുഷ്യസ്നേഹിയായി. രോഹിണി നിലേകനി ഫിലാന്ത്രോപ്പീസിന്റെ ചെയർപേഴ്സണും എക്സ്റ്റെപ്പിന്റെ സഹസ്ഥാപകയുമായ അവർ വിദ്യാഭ്യാസത്തിലും സാമൂഹിക വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആദ്യമായി ആദ്യ പത്തിൽ ഇടംനേടിയ സുധീർ, സമീർ മേത്ത യുഎൻഎം ഫൗണ്ടേഷൻ വഴി ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഗ്രാമവികസനം എന്നിവയെ പിന്തുണയ്ക്കുന്നു. വില്ലൂ പൂനവല്ല ഫൗണ്ടേഷൻ വഴി വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ സംരംഭങ്ങൾക്കായി 173 കോടി രൂപ സംഭാവന നൽകി സൈറസ് എസ്. പൂനവാലയും അദാർ പൂനവാലയും ആദ്യ പത്തിൽ ഇടം നേടി.
ഇന്ത്യയിലുടനീളം സംഭാവനയിൽ കുത്തനെയുള്ള വർധനയാണ് മൊത്തത്തിലുള്ള പട്ടിക എടുത്തുകാണിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുൻനിരയിലുള്ള 25 ഉദാരമതികൾ മാത്രം 50,000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്, പ്രതിദിനം ശരാശരി 46 കോടി രൂപ. 2014 മുതൽ ആദ്യ 25 പേരുടെ പട്ടികയിൽ ഇടം നേടാനുള്ള പരിധി 180% വർധിച്ചു. കൂടാതെ, ഇന്ത്യയിലെ മികച്ച 10 മനുഷ്യസ്നേഹികൾക്കുള്ള പരിധി 2020 മുതൽ ഇരട്ടിയിലധികമായി; 74 കോടി രൂപയിൽനിന്ന് 173 കോടിയായി ഉയർന്നു. 2024ൽ ഒരാളുടെ ശരാശരി സംഭാവന 43 കോടി രൂപയിൽ നിന്ന് 2025ൽ 54 കോടിയായി ഉയർന്നു.
ഉയർന്ന മൂല്യമുള്ള സംഭാവനകളിൽ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. 100 കോടി രൂപയ്ക്കു മുകളിൽ സംഭാവന ചെയ്യുന്ന വ്യക്തികളുടെ എണ്ണം 2018ൽ രണ്ടുപേരായിരുന്നു. എന്നാൽ ഈ വർഷമിത് 18 ആയി ഉയർന്നു. 50 കോടിക്കു മുകളിൽ സംഭാവന ചെയ്തവരുടെ എണ്ണം 33 ആയി. 20 കോടിക്കു മുകളിൽ സംഭാവന ചെയ്തവർ 70 ആണ്.
രഞ്ജൻ പൈ വ്യക്തിഗത ജീവകാരുണ്യത്തിൽ മുന്നിൽ
മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാനായ രഞ്ജൻ പൈ ഈ വർഷം വ്യക്തിഗത ജീവകാരുണ്യപ്രവർത്തനങ്ങളിൽ 100 കോടി രൂപയെന്ന നേട്ടം കൈവരിച്ചു. അദ്ദേഹത്തിന്റെ ആകെ സംഭാവന 160 കോടി രൂപയാണ്. ഇതോടെ വ്യക്തിഗത സംഭാവന നല്കുന്നവരിൽ ഏറ്റവും ഉദാരമതികളായ ആദ്യ അഞ്ചുപേരിൽ ഒരാളായി.
ഇൻഫോസിസ് കുടുംബം- നന്ദൻ നിലേകനി, ക്രിസ് ഗോപാലകൃഷ്ണൻ, കെ. ദിനേശ്, രോഹിണി നിലേകനി, കുമരി ഷിബുലാൽ - സംയുക്തമായി ഈ വർഷം 850 കോടി രൂപ സംഭാവന ചെയ്തു. പ്രതിദിനം ശരാശരി രണ്ടു കോടി രൂപ. ജീവകാരുണ്യപ്രവർത്തനത്തിന് ഒരു കോർപറേറ്റ് ഗ്രൂപ്പ് നൽകുന്ന ഏറ്റവും ഉയർന്ന തുകയെന്ന റിക്കാർഡ് ഇതാണ്.
വിദ്യാഭ്യാസത്തിനാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. 107 ഉദാരമതികൾ ഒന്നടങ്കം 4166 കോടി രൂപ ഇതിലേക്ക് സംഭാവന ചെയ്തു.
സെൽഫ് മേഡ് ഉദാമതികളുടെ എണ്ണം ഈ വർഷം 101 ആയി ഉയർന്നു. 2023ൽ 36 പേരായിരുന്നു. വനിതാ മനുഷ്യസ്നേഹികളുടെ എണ്ണം 24 ആയി.
ആദ്യ പത്തുപേർ
റാങ്ക് പേര് സംഭാവന (കോടി രൂപയിൽ) വാർഷിക വ്യത്യാസം പ്രധാന ലക്ഷ്യം
1. ശിവ് നാടാർ ആൻഡ് ഫാമിലി 2708 +26% വിദ്യാഭ്യാസം
2. മുകേഷ് അംബാനി ആൻഡ് ഫാമിലി 626 +54% വിദ്യാഭ്യാസം
3. ബജാജ് ഫാമിലി 446 +27% വിദ്യാഭ്യാസം
4. കുമാർ മംഗളം ബിർള ആൻഡ് ഫാമിലി 440 +32% ആരോഗ്യ പരിപാലനം
5. ഗൗതം അദാനി 386 +17% വിദ്യാഭ്യാസം
6. നന്ദൻ നിലേകനി 365 +19% എകോസിസ്റ്റം ബിൽഡിംഗ്
7. ഹിന്ദുജ ഫാമിലി 298 +150% ആരോഗ്യ പരിപാലനം
8. രോഹിണി നിലേകനി 204 +33% എകോസിസ്റ്റം ബിൽഡിംഗ്
9. സുധീർ ആൻഡ് സമീർ മേത്ത 189 +69% സാമൂഹിക വികസനം
10. സൈറസ് ആൻഡ് ആദാർ പൂനവാല 173 +21% വിദ്യാഭ്യാസം
Tags : Indian philanthropists Shiv Nadar Mukesh ambani Bajaj family