ധൻബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൗർജ പരിവർത്തന മേഖലയിൽ 6.75 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) 100-ാം സ്ഥാപക ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖാവ്ഡയിൽ 520 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഉൗർജ പാർക്കിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് അദാനി പറഞ്ഞു.
“പൂർണ ശേഷിയിൽ, 2030 ആകുന്പോഴേക്കും ഈ പാർക്ക് 30 ഗിഗാ വാട്ട് ഹരിത ഉൗർജം ഉത്പാദിപ്പിക്കും. ശരാശരി ഗാർഹിക ഉപഭോഗത്തിൽ, ഇത് പ്രതിവർഷം 60 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിന് തുല്യമാണ്,” അദ്ദേഹം പറഞ്ഞു.
“ആദ്യത്തെ 10 ഗിഗ വാട്ട് ഇതിനകം കമ്മീഷൻ ചെയ്തതോടെ, ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഹരിത വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള പാതയിലാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.
“2025ലെ COP30ൽ ഇന്ത്യയുടെ സുസ്ഥിരതാ റാങ്കിംഗ് താഴ്ത്തിയ ഒരു റിപ്പോർട്ട് ഉയർന്നുവന്നു. രാജ്യത്തിന് കൽക്കരി-എക്സിറ്റ് ടൈംലൈൻ ഇല്ലെന്നും കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യുന്നത് തുടരുകയാണെന്നും വാദിച്ചു. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്.
മൊത്തം കാർബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പ്രതിശീർഷക്കണക്കിൽ രണ്ടു ടണ്ണിൽ താഴെയാണ് പുറന്തള്ളുന്നത്. യുഎസിൽ 14 ടണ്‍, ചൈനയിൽ ഒന്‍പത് ടണ്‍, യൂറോപ്പിൽ ആറു ടണ്‍ എന്നിങ്ങനെയാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു.
Tags : Gautam Adani energy sector investments