തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാന്പത്തിക ഫോറത്തിൽ (ഡബ്ല്യുഇഎഫ്) കേരളത്തിന്റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന വ്യവസായ മന്ത്രി പി. രാജീവ് പ്രമുഖ വ്യവസായികളുമായി സംവദിച്ചു.
വിവിധ മേഖലകളിലുള്ള സംസ്ഥാനത്തിന്റെ വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
വ്യാവസായിക മേഖലയിലെ ഭാവിനിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളം ഉയർന്നുവന്നിട്ടുണ്ടെന്ന് പി. രാജീവ് പറഞ്ഞു. ഇത്തരം സാധ്യതകളെ സംയോജിപ്പിച്ച് പരന്പരാഗത കയറ്റുമതി മേഖലയെ ആഗോളശൃംഖലയുടെ ഭാഗമാക്കാൻ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിഷ് കോണ്ഫെഡറേഷൻ ലെവിയാറ്റന്റെ ഡയറക്ടർ ജനറൽ മാൽഗോർസാറ്റ മ്രോസ്കോവ്സ്കഹോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പോളണ്ടിനും കേരളത്തിനും ഇടയിൽ സാന്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രിപ്പ് കാപിറ്റലിന്റെ സിഇഒയും സഹസ്ഥാപകനുമായ പുഷ്കർ മുകേവാറുമായുള്ള ചർച്ചയിൽ കേരളത്തിലെ ചെറുകിട, ഇടത്തരം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകൾ മന്ത്രി ചൂണ്ടിക്കാട്ടി. ട്രേഡ് എക്സ് കേരള 2026ൽ പങ്കെടുക്കുന്നതിൽ ഉൾപ്പെടെ കൂടുതൽ പങ്കാളിത്തത്തിന് ഡ്രിപ്പ് കാപിറ്റലിനെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.
’പ്യുർ’ സ്ഥാപകയും വ്യവസായിയുമായ ഡോ. ഷൈല തല്ലൂരിയുമായുള്ള കൂടിക്കാഴ്ചയിൽ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിനായി നൈപുണ്യ വികസനം, പ്രതിഭാ വികസനം, വ്യവസായഅക്കാദമിക് പങ്കാളിത്തം എന്നിവയിലെ സഹകരണവുമായി ബന്ധപ്പെട്ട് ചർച്ച നടന്നു.
സിൻഹാസ് ജിഎംബിഎച്ച് സ്ഥാപകനും സിഇഒയുമായ രാജീവ് സിൻഹയുമായുള്ള ആശയവിനിമയത്തിൽ കയറ്റുമതി സാധ്യതയുള്ള സുഗന്ധവ്യഞ്ജന ഭക്ഷ്യസംസ്കരണ മേഖലകളിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾ, വിപണി പ്രവേശനം, ബ്രാൻഡിംഗ്, യൂറോപ്പിലുടനീളമുള്ള വിതരണം തുടങ്ങിയവ ചർച്ചയായി.
അഞ്ചുപേരടങ്ങുന്ന ഉന്നത പ്രതിനിധി സംഘത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ്, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു.
Tags : World Economic Forum Kerala investment global business potential