കാന്താരയുടെ പ്രീമിയറിന് ശേഷം വികാരധീനയായി പ്രഗതി; ഭാര്യയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ഋഷഭ് ഷെട്ടി
Saturday, October 4, 2025 3:43 PM IST
കാന്താര: ചാപ്റ്റർ 1 സിനിമയുടെ പ്രീമിയർ ഷോ കണ്ട് വികാരാധീനയായി സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടി. പ്രീമിയർ വേദിയിൽ പ്രഗതി കണ്ണീരണിഞ്ഞു നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കാന്താര ചിത്രീകരണത്തിനായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി കുടുംബത്തെ പിരിഞ്ഞ് യഥാർത്ഥത്തിൽ കാടിനുള്ളിൽ താമസിച്ചിരുന്നതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായി പ്രഗതി പ്രവർത്തിച്ചിരുന്നു.
കാന്താര: ചാപ്റ്റർ വണ്ണിന്റെ പ്രീമിയർ ഷോയുടെ അവസാന നിമിഷങ്ങളിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. പ്രീമിയർ ഷോയ്ക്ക് ശേഷം നിറഞ്ഞ കൈയടികൾക്കിടയിൽ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഋഷഭ് ഷെട്ടി.
ഈ സമയത്താണ് കറുത്ത സാരി ധരിച്ച പ്രഗതി ഷെട്ടി പിന്നിൽ നിന്ന് ഋഷഭിനെ കെട്ടിപ്പിടിച്ചത്. ഋഷഭ് തിരിഞ്ഞ് പ്രഗതിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ചടങ്ങിനിടെ ഋഷഭ് ഷെട്ടി പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. "നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി" എന്ന് ഋഷഭ് പറഞ്ഞപ്പോൾ ആർപ്പുവിളികളോടെയാണ് സദസ്സ് താരത്തിനും സിനിമയുടെ ടീമിനും പിന്തുണ പ്രഖ്യാപിച്ചത്.
2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വൽ ചിത്രമാണ് 'കാന്താര: ചാപ്റ്റർ 1'. കർണാടകയിലെ കദംബ രാജവംശത്തിന്റെ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം