ഫാ. ആബേൽ പെരിയപുറം സിഎംഐ
മലയാളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ബാലസംഘടനകളിൽ ഒരേയൊരു കൊച്ചേട്ടനേയുള്ളൂ. അത് ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനാണ്. ബാലസഖ്യത്തിന്റെ ഡയറക്ടർക്കു നല്കപ്പെട്ടിരിക്കുന്ന സ്നേഹനാമമാണ് കൊച്ചേട്ടൻ.
ദീപിക പത്രത്തിൽ കുട്ടികൾക്കുള്ള ബാലരംഗം പംക്തിയിലും മലയാളത്തിൽ കുട്ടികൾക്കായി ആരംഭിച്ച പ്രഥമ ബാലമാസികയായ കുട്ടികളുടെ ദീപികയിലും കൊച്ചേട്ടൻ സഖ്യാംഗങ്ങൾക്കായി, "കൊച്ചേട്ടന്റെ കത്ത്' എന്ന ശീർഷകത്തിലെഴുതുന്ന ലഘു കുറിപ്പുകൾ ചുരുങ്ങിയ കാലംകൊണ്ടുതന്നെ കേരളത്തിലെ വിദ്യാർഥികൾ ഏറ്റെടുത്തു. അത് സഖ്യം അംഗത്വമുള്ള വിദ്യാലയങ്ങളിൽ അസംബ്ലിക്കും സന്മാർഗ ക്ലാസുകളിലും അധ്യാപകർ കുട്ടികൾക്കു വായിച്ചുകേൾപ്പിക്കുന്ന സംസ്കാരം ആദ്യകാലം മുതൽ ആരംഭിച്ച് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു!
വിവിധ വിദ്യാലയങ്ങളിൽനിന്നും വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലോത്സവങ്ങൾ സംഘടിപ്പിക്കാൻ ആദ്യമായി നേതൃത്വം നൽകിയ സംഘടന ദീപിക ബാലസഖ്യമാണ്. 1957-ൽ കേരളസർക്കാർ സ്കൂൾ യുവജനോത്സവം തുടങ്ങുന്നതിനു മുന്പുതന്നെ ദീപിക ബാലസഖ്യം വിദ്യാർഥികളുടെ കലാമത്സരങ്ങൾ വലിയതോതിൽ ആരംഭിച്ചിരുന്നു! ആബേലച്ചനും സഖ്യത്തിന്റെ മറ്റു സംഘാടകരുമാണ് ദീപിക പത്രത്തിന്റെ കീഴിൽ "നാം ഒരുകുടുംബം' എന്ന മുദ്രാവാക്യത്തോടെ കലോത്സവങ്ങളും സാഹിത്യമത്സരങ്ങളും സംഘടിപ്പിച്ചത്!
കുട്ടികളുടെ ദീപിക എന്ന എഴുത്തോല!
2027ൽ 70-ാം വർഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യ ബാലമാസികയുടെ ആരംഭം ആബേലച്ചനിലൂടെയായിരുന്നു. ആദ്യ പതിപ്പിന് അദ്ദേഹമെഴുതിയ കൊച്ചേട്ടന്റെ കത്താണ് ഈ പേജിൽ നല്കിയിരിക്കുന്നത്.
കുട്ടികളുടെ ദീപിക, മാസികയാകുന്നതിനു മുന്പ്, ദീപിക ദിനപത്രമാണ്, മലയാളഭാഷയിലെ കുട്ടികളുടെ രചനകൾ സമാഹരിച്ച് ആദ്യമായി "ദീപിക - കുട്ടികളുടെ വിശേഷാൽപ്രതി' എന്ന പേരിൽ ഒരു സവിശേഷ പ്രസിദ്ധീകരണം പുറത്തിറക്കിയത്. അവിടെനിന്നാണ് ബാലചേതനകളെ അക്ഷരകൗതുകങ്ങൾകൊണ്ട്, വിരുന്നൂട്ടിയ കുട്ടികളുടെ ദീപികയുടെ പിറവി. 200 പേജുകളിൽ കഥകളും കവിതകളും നോവലുകളും ഫലിതബിന്ദുക്കളും പൊതുവിജ്ഞാനവുമെല്ലാം ചേർത്തുവച്ച ഒരു സന്പൂർണ സാഹിത്യവിരുന്നായിരുന്നു കുട്ടികളുടെ ദീപിക. ഏഴു പതിറ്റാണ്ടുകൾ ഈ അക്ഷരയാത്ര പൂർത്തിയാക്കുന്പോഴും ഇന്നും അനേകം ബാലപ്രതിഭകളുടെ സർഗാത്മകതയ്ക്കുള്ള ആദ്യ എഴുത്തോലയാണ് കുട്ടികളുടെ ദീപിക. ബാലസഖ്യം വാർത്തകളും കുട്ടികളുടെ ദീപികയുടെ അവിഭാജ്യ ഭാഗമായിരുന്നു.
മുട്ടത്തുവർക്കി, നാലാങ്കൽ കൃഷ്ണപിള്ള, ജോസഫ് മറ്റം, വേളൂർ കൃഷ്ണൻകുട്ടി, പെരുന്പ ടവം ശ്രീധരൻ, എൽ.കിഴക്കേടം, പി.സി. സിറിയക്, ചെറിയൻ കട്ടക്കയം, ഒ. അയ്യനേത്ത് തുടങ്ങി പിൽക്കാലത്ത് മലയാള സാഹിത്യത്തിലെ മഹാരഥന്മാരായി വളർന്ന പ്രതിഭകൾ എഴുതിത്തുടങ്ങിയ കടലാസുകൾ കൂട്ടിത്തുന്നിയത് ആബേലച്ചൻ എന്ന കൊച്ചേട്ടനായിരുന്നു!
ഇന്നും ദീപിക ബാലസഖ്യം പതിനെട്ടോളം സംസ്ഥാനങ്ങളിലായി നാലായിരത്തിലധികം വിദ്യാലയങ്ങളിലൂടെ 20 ലക്ഷത്തിലധികം അംഗങ്ങളെ "നാം ഒരു കുടുംബം' എന്ന ഒരുമയുടെ മഹത് സന്ദേശത്തിലൂടെ കോർത്തിണക്കി രാഷ്ട്രനിർമിതിയിൽ പങ്കുചേർക്കാൻ നേതൃത്വം നൽകുന്നുവെങ്കിൽ അതിന്റെ ചാലകശക്തിയായി, ആബേലച്ചൻ എന്ന ആദ്യ കൊച്ചേട്ടന്റെ ചൈതന്യം കരുത്തായി കൂടെയുണ്ട് എന്നത് സുവ്യക്തമാണ്.
Tags : DCL Kochettan FrAbelPeriyapuramCMI