ഡിസിഎൽ
കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്നു കോട്ടയത്തേക്കുവരുന്ന വഴി. പിന്നിൽനിന്ന് ചെവിപൊട്ടുന്ന ഹോണടി. ഒരു കാറാണ്. യുവാക്കളാണ്. കളിയും ചിരിയും ബഹളവും ! ഞങ്ങൾ കാർ ഒതുക്കി കൊടുത്തു. അതിവേഗത്തിൽ ഇരച്ചുകയറി ആ കാർ മുന്നോട്ടുകുതിച്ചു! എന്നാൽ, എതിർവശത്തുനിന്നും വന്ന ബസിനു മുന്നിൽ വിലങ്ങായി ആ കാർ നിർത്തേണ്ടിവന്നു! ഏതാണ്ട് 20 മിനിറ്റോളം ഗതാഗതം ജാമായി!
കൂട്ടുകാരേ, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നമ്മുടെ കേരളത്തിൽ ചില യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം ജീവൻ നഷ്ടപ്പെട്ടത് എത്ര പേർക്കാണ്? വാഹനമോടിച്ചിരുന്നവരുടെ പ്രായം 18, 17, 16 വയസാണ് എന്നത്, ആ പ്രായത്തിലേക്കെത്തുന്ന എല്ലാ വിദ്യാർഥികളും വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്! പ്രായപൂർത്തിയാകാത്ത ചില കുട്ടികൾ ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് അപകടമുണ്ടാക്കി, അവരുടെ മാതാപിതാക്കളെക്കൂടി ജയിലിലാക്കുകയാണ്.
നമ്മിൽ പലരും വിചാരിക്കുന്നത് അതിവേഗം വാഹനം ഓടിച്ചാൽ അതിവേഗം ലക്ഷ്യത്തിലെത്തും എന്നാണ്. എന്നാൽ, ഒരു ഡ്രൈവറുടെ ഏറ്റവും വലിയ മണ്ടൻ ധാരണയാണിത്! കഴിഞ്ഞ 10 വർഷത്തെ വാഹനപ്പെരുപ്പം നമ്മെ ഞെട്ടിക്കും! 2014-ൽ കേരളത്തിൽ 85-90 ലക്ഷം വാഹനങ്ങളാണ് വാങ്ങിയത്. എന്നാൽ, 2024-26 ൽ അത് 165 - 172 ലക്ഷം വാഹനങ്ങളാണ്. വാഹനങ്ങളുടെ എണ്ണം 85 ശതമാനം മുതൽ 95 ശതമാനം വരെ പെരുകിയപ്പോൾ അവ ഓടിക്കേണ്ട റോഡുകൾ 8 ശതമാനം മുതൽ 15 ശതമാനം വരെ മാത്രമാണ് വികസിച്ചത്! അപ്പോൾ വാഹനങ്ങൾ പെരുകി, റോഡുകൾ പെരുകിയില്ല!
ഒരു വീട്ടിൽ പണ്ട് എല്ലാവർക്കുംകൂടി ഒരു വാഹനം ആയിരുന്നത്, ഇന്ന് ഓരോ അംഗത്തിനും പ്രത്യേകവാഹനം എന്ന നിലയിലേക്ക് വളരുകയാണ്. ഇതെല്ലാംകൂടി മര്യാദയ്ക്ക് ഓടിക്കാൻതന്നെ സ്ഥലമില്ലാത്ത റോഡുകളിൽ മത്സരയോട്ടം നടത്തുന്നവർ, അവരുടെ ലക്ഷ്യത്തിലെത്തില്ല എന്നു മാത്രമല്ല, മറ്റു പലരുടെയും യാത്ര, ജീവിതയാത്രവരെ മുടക്കുകയും ചെയ്യും എന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്! അതിനാൽ, ""എത്രയും വേഗം ലക്ഷ്യത്തിലെത്തുക എന്നല്ല, ഏറ്റവും സുരക്ഷിതമായി ലക്ഷ്യത്തിലെത്തുക ''എന്നതാകണം നമ്മുടെ ലക്ഷ്യം! അതിനാൽ, "അതിവേഗം' ഹരമാക്കുന്നവർ "ബഹുദൂരം' എത്തില്ല എന്നു മാത്രമല്ല, അവരുടെ വിധി ശോകമായി, ജീവിതംതന്നെ ജാമായി മാറുകയും ചെയ്യും.
"സീറ്റ് ബെൽറ്റ്'! "കീപ് ലെഫ്റ്റ്!' "ഹെൽമറ്റ്!' എന്ന ചെറിയ വാക്കുകൾ ഡ്രൈവിംഗിന്റെ വലിയ നിയമങ്ങളാണ്. അത് ട്രാഫിക് പോലീസിന്റെ സുരക്ഷയ്ക്കുവേണ്ടിയല്ല, വാഹനയാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കാണ്. അത്രയും പരമപ്രധാനമായ കാര്യങ്ങൾ കർശന നിയമമാക്കേണ്ട ഗതികേട് ഈ സാക്ഷരകേരളത്തിന്റെ നാണക്കേടാണ്! ആരും നിർബന്ധിക്കാതെ എല്ലാവരും ചെയ്യേണ്ടതല്ലേ, അതെല്ലാം. കുറേക്കാലം മുൻപ് എന്റെ ഒരു മുതിർന്ന അധ്യാപകൻ എന്നോടൊപ്പം കാറിൽ യാത്രചെയ്യുകയായിരുന്നു.
എന്റെ ഡ്രൈവിംഗ് പിഴവുകൾ അദ്ദേഹം തിരുത്തിത്തന്നത് മൂന്നു കാര്യങ്ങളിലൂടെയാണ്. ഒന്ന്: റോഡ് നമ്മുടെ പിതൃസ്വത്തല്ല. റോഡിന്റെ പകുതിമാത്രമേ നമുക്ക് അവകാശമായുള്ളൂ. മറുപകുതി എതിരേവരുന്നവർക്കുള്ളതാണ്. രണ്ട്: ആംബുലൻസല്ലാതെ, അതിവേഗത്തിൽ നിന്റെ മുന്നിലും പിന്നിലും ചീറിപ്പാഞ്ഞുവരുന്നവർ, എപ്പോൾ വേണമെങ്കിലും നമ്മുടെ വാഹനത്തെ ഇടിച്ചേക്കാം. ജാഗ്രതൈ! മൂന്ന്: നിങ്ങൾ ഉടനേതന്നെ ശ്മശാനത്തിലേക്ക് ചെല്ലേണ്ടതില്ല. അവിടെയാരും നിങ്ങളെ കാത്തിരിപ്പില്ല. സരസമാണെങ്കിലും ഈ മൂന്നു കാര്യങ്ങളിൽ ഒരു ഡ്രൈവറുടെ ശീലങ്ങളുണ്ട്!
കൂട്ടുകാരേ, കൂട്ടുകൂടി, കൂട്ടമായി റോഡിലൂടെ നടക്കുന്പോൾ, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്പോൾ, മൊബൈൽ നോക്കിക്കൊണ്ട് റോഡിലൂടെ നടക്കുന്പോൾ അതിവേഗത്തിൽ സൈക്കിൾ ഓടിക്കുന്പോൾ, മര്യാദയില്ലാതെ റോഡിൽ പെരുമാറുന്പോൾ.. ഓർക്കാം, ഈ വഴി എന്റേതു മാത്രമല്ല, നിന്റേതുംകൂടിയാണ്. നമ്മുടെ സഹയാത്ര നമുക്ക് സഹനയാത്രയാകാതിരിക്കട്ടെ.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
Tags : Breakneckspeed Tragicfate SuddenHalt Life Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash