ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ ലൈസ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കമ്പനിനിരത്ത് പനക്കരയിൽ ഭ്രാന്തൻ കുറുക്കന്റെ ആക്രമണത്തിൽ മൂന്നു പേർക്കു കടിയേറ്റു. പനക്കരയിലെ ചിരട്ടക്കാട്ട് ലൈസ ജോസ് (55), അറുകാക്കൽ വർഗീസ് (80), ജെസ്മിൻ ജിമ്മി (14) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഖത്തും ചുണ്ടിലും ആഴത്തിലുള്ള കടിയേറ്റ ജസ്മിന് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു കുറുക്കന്റെ ആദ്യ ആക്രമണം. വീടിന്റെ മുറ്റത്തുവച്ച് വർഗീസിനെ കുറുക്കൻ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ലൈസയ്ക്കു കടിയേറ്റത്. വർഗീസിന്റെ ഭാര്യ ഓടിയെത്തുന്നതിനിടെ നിലത്തുവീണതിനാൽ കുറുക്കന്റെ ആക്രമണത്തിൽനിന്നു രക്ഷപെട്ടു.
ഇതിനിടെ ലൈസ കുറുക്കനെ പിടികൂടി ഗേറ്റിനു പുറത്തേക്ക് എറിഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും കുറുക്കൻ കടിച്ചതായി നാട്ടുകാർ പറഞ്ഞു. രാവിലെ 6.30 ഓടെ നാട്ടുകാരും ദ്രുതകർമസേനയും (ആർആർടി) ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുറുക്കനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ 11.30 ഓടെ വീടിനു സമീപത്തെ റബർ തോട്ടത്തിൽവച്ചാണ് ജെസ്മിനെ ആക്രമിച്ചത്. ജെസ്മിന്റെ നേരെ ചാടിയ കുറുക്കൻ മുഖത്തും ചുണ്ടിലും കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു കുറുക്കനെ പിന്നീട് സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തി.
Tags :