തൊടുപുഴ പള്ളിപ്പീടികയിൽ നടന്ന എൻഡിഎയുടെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ.
തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പിൽ ഇടുക്കി നാളെ വിധിയെഴുതും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിലെ വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുപുറമേ എട്ടു ബ്ലോക്കുകൾ, രണ്ടു നഗരസഭകൾ, 52 പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുമുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 52 പഞ്ചായത്തുകളിലായി 834 വാർഡുകളും ബ്ലോക്ക് പഞ്ചായത്തിൽ 112 വാർഡുകളും രണ്ടു നഗരസഭകളിലായി 73 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷനുകളുമാണുള്ളത്.
9,12,133 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 4,43521 പുരുഷൻമാരും 4,68602 സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലും പ്രവാസി വിഭാഗത്തിലുമായി പത്തുപേർവീതമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 9,04,670 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 6,75,565 വോട്ടുകൾ പോൾ ചെയ്തു. 74.68 ശതമാനമായിരുന്നു പോളിംഗ്.
Tags : 9 12 133 voters nattuvisesham local news