ദേവസ്വം സത്രം വളപ്പിലെ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരക സ്തൂപം.
ഗുരുവായൂര്‍: കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന് പ്രധാന പങ്കുവഹിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമയ്ക്ക് ഇന്ന് 95വർഷം.
കേരള ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹം കെ.കേളപ്പന്, മന്നത്ത് പത്മനാഭന് എന്നിവരുടെ നേതൃത്വത്തില്‍ 1931 നവംബര്‍ ഒന്നിനാണ് തുടങ്ങിയത്.സത്യഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബര്‍ 21ന് സത്യഗ്രഹ പ്രചരണജാഥ പയ്യന്നൂരില്‍ നിന്ന് എ.കെ. ഗോപാലന് ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യന് തിരുമുമ്പിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. ഒക്ടോബര്‍ 31ന് ഗുരുവായൂരില്‍ എത്തിയ ജാഥയ്ക്ക്് വന്‍ വരവേല്‍പ്പ് നല്കി.
1931 നവംബര്‍ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തില്‍ സത്യഗ്രഹം തുടങ്ങി.സത്യഗ്രഹികളെ നേരിടാന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടര്‍ന്നു. ജാഥാ ക്യാപ്റ്റനായ എ.കെ.ജിക്ക് ക്രൂര മര്ദ്ധനമേല്ക്കേണ്ടിവന്നു.
സത്യഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യന് തിരുമുമ്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു മുന്നിലെ മണി അടിച്ചതിന് കൃഷ്ണപിള്ളക്കും മര്ധനമേറ്റു.സമരം കൂടുതല്‍ ശക്തമായതോടെ അധികൃതര്‍ ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടു. സത്യഗ്രഹം മാസങ്ങള്‍ പിന്നിട്ടതോടെ കെ.കേളപ്പന് നിരാഹാര സത്യഗ്രഹം തുടങ്ങി. കേളപ്പന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ രണ്ടിന് നിരാഹാരസമരം അവസാനിപ്പിച്ചു.
തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്നാനി താലൂക്കില്‍ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് ഹിതപരിശോധന നടത്തി.77ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനനുകൂലമായി വിധിയെഴുതി. 1934 ല്‍ ഗാന്ധിജി ഗുരുവായൂരിലെത്തി അയിത്തോച്ചാടനത്തിനെതിരെ പ്രസംഗിച്ചു.1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുന്നാള്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തി.എന്നാല്‍ സാമൂതിരി രാജാവ് അതിനെ അനുകൂലിച്ചില്ല.പിന്നീട് മദിരാശി സര്‍ക്കാര്‍ ക്ഷേത്ര പ്രവേശന ബില്‍ പാസ്സാക്കിയതിന് ശേഷം 1947 ജൂണിലാണ് എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം സാധ്യമായത്.
ഗുരുവായൂർ നഗരസഭ,ദേവസ്വം വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ സത്യഗ്രഹത്തിന്റെ സ്മരണ പുതുക്കുന്നതിന് വിവിധ പരിപാടികളും ഇന്ന് നടക്കും.
Tags :