വെള്ളായണി ശിവോദയം ക്ഷേത്രത്തിന് മുന്നിലെ വെള്ളക്കെട്ട്
നേമം: കല്ലിയൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വെള്ളായണി ശിവോദയം റോഡിന്റെ പല ഭാഗങ്ങളിലും ടാറിളകി പൊട്ടിപൊളിഞ്ഞു മഴയത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത ക്ലേശം രൂക്ഷമെന്ന് ആക്ഷേപം.
റോഡിലെ വെള്ളക്കെട്ടു മൂലം കാല്‍നട യാത്ര പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. വെള്ളായണി ക്ഷേത്രം റോഡില്‍നിന്നും വരുന്ന വാഹനങ്ങളും കരുമം പുഞ്ചക്കരി, പാപ്പാന്‍ചാണി പ്രദേശങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളും കന്നുകാലി ചാല് ബണ്ട് റോഡുവഴി വരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന ശിവോദയം റോഡില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും പൂര്‍ണമായും പണി ചെയ്തില്ല. റോഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം തറയോട് പാകുക മാത്രമാണു ചെയ്തത്. ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും ശോച്യാവസ്ഥയിലാണെന്നു നാട്ടുകാര്‍ പറയുന്നു.
വെള്ളായണി ശിവോദയം ക്ഷേത്രത്തിനു മുന്നില്‍ വലിയ കുഴിയും വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹന യാത്രക്കാരുടെ എണ്ണം കൂടിയിട്ടും റോഡിന്റെ സ്ഥിതി മാറിയിട്ടില്ല. വെള്ളം കെട്ടിനിന്ന് ടാറും മെറ്റലുമിളകി ഉണ്ടായ വന്‍ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്.
റോഡരികിലെ താമസക്കാരും ബുദ്ധിമുട്ടുകയാണ്. റോഡ് തകര്‍ന്ന് പലരുടെയും വീടിന്റെ ഗേറ്റിനരികില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇവര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധിപേര്‍ സന്ദര്‍ശിക്കാനെത്തുന്ന കിരീടം പാലത്തിനോടു ചേര്‍ന്നുള്ള റോഡിന്റെ ഭാഗങ്ങളാണ് തകര്‍ന്ന് കുഴികളായി കടിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പുതിയ ജനപ്രതിനിധികളും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.