പുല്ലൂർ കേളോത്ത് ദേശീയപാതയിൽ നിന്ന് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ നിലയിൽ.
പുല്ലൂർ: ദേശീയപാതയിലൂടെ കടന്നുപോവുകയായിരുന്ന ചരക്കുലോറി പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. കേളോത്തെ ശ്രീധരന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്.
ഡ്രൈവർ മഞ്ചേശ്വരം സ്വദേശി അബ്ദുൾ ഷഹീദിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ അപകടമില്ലാതെ രക്ഷപ്പെട്ടു. ദേശീയപാതയിലെ വളവിൽവച്ച് നിയന്ത്രണംവിട്ടാണ് ലോറി മറിഞ്ഞതെന്നാണ് സൂചന. പാതയിൽ നിന്ന് 50 അടിയോളം താഴ്ചയിലാണ് ശ്രീധരന്റെ വീടുള്ളത്.
വീടിനു മുകളിലേക്ക് ലോറി മറിയാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. കഴിഞ്ഞദിവസം ഇതിനടുത്തുള്ള സ്ഥലത്ത് സിമന്റ് ലോറി മറിഞ്ഞിരുന്നു. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഇവിടെ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :