നിർമാണം നിലച്ച മുകേഷിന്റെ വീട്.
നെടുങ്കണ്ടം: അകാലത്തിൽ മരിച്ച താന്നിമൂട് സ്വദേശി മുകേഷിന്റെ കുടുംബത്തിന് ആശ്വാസമായി ജനകീയ കൂട്ടായ്മ. പാതിവഴിയിൽ മുടങ്ങിയ വീടിന്റെ നിർമാണം ജനകീയ പങ്കാളിത്തത്തോടെ പുനരാരംഭിച്ചു. ഏതാനും മാസങ്ങൾക്കു മുന്പാണ് താന്നിമൂട് സ്വദേശി മുകേഷ് മരിച്ചത്. ഇതോടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രോഗികളായ മാതാപിതാക്കളെയും കൈക്കുഞ്ഞിനെയും വീട്ടിലാക്കി കൂലിപ്പണിക്കുപോലും പോകാനാകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം. ഇവരുടെ നിസഹായാവസ്ഥ മനസിലാക്കിയതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചത്.
മുകേഷിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ഒരുക്കുന്നതിനൊപ്പം ചെറിയൊരു വരുമാന മാർഗം കണ്ടെത്തി നൽകാനും സമിതി ലക്ഷ്യമിടുന്നു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് പാതിവഴിയിൽ നിലച്ച വീടിന്റെ നിർമാണം പൂർത്തിയാക്കുന്നത്. നേരിട്ടും സാമ്പത്തികമായും സഹകരിക്കാൻ കൂടുതൽ പേരെ പങ്കാളികളാക്കാനുള്ള ശ്രമവും തുടരുകയാണ്.