പ്രതീകാത്മക ചിത്രം
മാവേലിക്കര: പുതിയകാവ് പാലത്തിന് സമീപം ടിപ്പർലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ടിപ്പർലോറി മറിഞ്ഞു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ലോറി ഡ്രൈവർ ഹരിപ്പാട് ചെറുതന പനംതിട്ടയിൽ രാജേഷ് (46), സുഹൃത്ത് ഹരിപ്പാട് പിലാപ്പുഴ അനിൽകുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്. രാജേഷിന് തലയ്ക്കും അനിൽകുമാറിന് കാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പറിന്റെ മുൻ ചക്രത്തിൻ്റെ വശത്തേക്ക്, എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
കാറ് റോഡിന്റെ മധ്യഭാഗത്തേക്ക് കയറിചെന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി മറിയുകയും കാറിന്റെ ടയർ പൊട്ടുകയും ചെയ്തു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവർ സ്ഥലത്തുനിന്ന് പോവുകയായിരുന്നു. എന്നാൽ ഇവർക്ക് പരിക്കുകൾ ഇല്ലെന്നു പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ പെട്ട കാറിനു പിന്നാലെ എത്തിയ മറ്റൊരു കാർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ടിപ്പർ ലോറി ക്രെയിൻ ഉപയോഗിച്ച് പൊക്കി നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മാവേലിക്കര പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
Tags :