മലപ്പുറം: കേരളത്തെ സന്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യ സംസ്കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അഞ്ചുവർഷ സമഗ്ര കാന്പയിനായ "നിർമലം പുതുയുഗ ശുചിത്വ കേരളം’ കാന്പയിന് ജില്ലയിൽ തുടക്കം. മലപ്പുറം മുൻസിപ്പൽ ടൗണ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കാന്പയിൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിസൗന്ദര്യവും പച്ചപ്പുമുള്ള കേരളത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് വലിയ വിപത്താണെന്നും മാലിന്യ സംസ്കരണമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും മാലിന്യ പ്രശ്നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ സാമൂഹിക ഉത്തരവാദിത്തമാണ് പ്രധാനം. മാലിന്യം അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും കഴിയണം.
എല്ലാവരും ഈ ഉത്തരവാദിത്വം ഏറ്റെടുത്താൽ മാലിന്യം ഒരു പ്രശ്നമല്ലാതായി മാറുമെന്നും ജനങ്ങളിൽ ഇതിനുള്ള അവബോധം സൃഷ്ടിക്കുന്നതിൽ ഇത്തരം കാന്പയിനുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നിർമാർജനം തദ്ദേശവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങളുടെ കൂട്ടായ പ്രവർത്തനമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എം. ഷാജി പറഞ്ഞു. മാലിന്യത്തെ ഒരു പാഴ് വസ്തുവായി മാത്രം കാണാതെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചാൽ, അതിൽ നിന്ന് മൂല്യമുള്ള പല പുതിയ ഉത്പ്പന്നങ്ങളും നിർമിച്ചെടുക്കാൻ സാധിക്കും. മനുഷ്യരുടെ ആവാസ വ്യവസ്ഥയെയും സാമൂഹിക സഹജീവനത്തെയും ബാധിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റെൻഡറിംഗ് പ്ലാന്റുകൾ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിൽ മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ മികച്ച മാതൃകകൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മാലിന്യം മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ’കൈയോട് കൈ സ്വച്ഛത ഹി സേവ കേരള അവാർഡ്’ മന്ത്രി കെ.എം. ഷാജി വിതരണം ചെയ്തു. ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി ചേലേന്പ്ര എൻഎൻഎംഎച്ച്എസ്എസിലെ എൻഎസ്എസ് വിദ്യാർഥികൾ പാവനാടകം അവതരിപ്പിച്ചു.
എംഎൽഎമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, .കെ. നവാസ്, ടി.പി. അഷറഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, കളക്ടർ വിനയ് ഗോയൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.കെ.സി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. രോഹിൽനാഥ്, കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്സണ് കെ.കെ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :