കള്ളനോട്ടു കേസിൽ അറസ്റ്റു ചെയ്ത അബ്ദുൾ റഷീദിനെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നു.
വൈക്കം: കള്ളനോട്ട് വിതരണം ചെയ്ത കേസിൽ പത്തനാപുരം സ്വദേശിയെ വൈക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം ആറാക്കുഴി പുത്തൻവീട്ടിൽ അബ്ദുൽ റഷീദി(63) നെയാണ് ഇന്നലെ പുലർച്ചെ കോട്ടയം ഇല്ലിക്കൽ ഭാഗത്തെ വേളൂരിൽനിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്.
കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വൈക്കം പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടയിൽ സിസിടിവി പരിശോധിച്ചതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. വൈക്കം ടൗണിലും തലയാഴത്തുമായി വിവിധ സ്ഥലങ്ങളിലെ കടകളിലെത്തി നൂറു രൂപയിൽ താഴെ സാധനങ്ങൾ വാങ്ങി നാല് വ്യാജ 500 രൂപാ നോട്ടുകൾ നൽകി വ്യാപാരികളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത്.
പ്രതി താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ 37 വ്യാജ 500 രൂപാ നോട്ടുകൾ, ഭാഗികമായി മാത്രം അച്ചടിച്ച ഏഴ് 500 രൂപാ നോട്ടുകൾ, വ്യാജ നോട്ടുകൾ നൽകി പകരം കൈപ്പറ്റിയ നോട്ടുകൾ എന്നിവ കണ്ടെടുത്തു. കൂടാതെ വ്യാജ കറൻസി നിർമിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, ലാമിനേറ്റർ, പേപ്പർ ഉൾപ്പടെയുള്ള അനുബന്ധ സാമഗ്രികളും പൊലിസ് പിടിച്ചെടുത്തു.
പ്രതിക്കെതിരേ കുറുപ്പംപടി, കിളിമാനൂർ, നാടുകൽ, പാലക്കാട്, ചടയമംഗലം, കുണ്ടറ, അഞ്ചാലുംമൂട്, തൃശൂർ ഈസ്റ്റ്, നെയ്യാറ്റിൻകര തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈഎസ്പി. കെ. എൻ. രാജേഷിന്റെയും വൈക്കം സർക്കിൾ ഇൻസ്പെക്ടർ രജൻകുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. വൈശാഖ്, എസ്ഐ വി.എം. ജയ്മോൻ, എഎസ്ഐ റഫീക്ക്, സിപിഒമാരായ ശരത് ലാൽ, റിമ്മോൻ, ലിഖിത എന്നിവരും സ്പെഷ്യൽ ഷാഡോ സ്ക്വാഡ് അംഗങ്ങളായ സുമൻ, അജ്മൽ, സാം, അനീഷ് എന്നിവരും ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കള്ളനോട്ട് വിതരണം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള ട്രയൽ റൺ
വൈക്കം: കള്ളനോട്ടു നൽകി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയത് അഷ്ടമി ഉത്സവത്തിനു മുന്നോടിയായുള്ള ട്രയൽ റണ്ണെന്ന് സംശയം. 12 ദിവസം നീളുന്ന അഷ്ടമി ഉത്സവത്തിന് 20 ന് കൊടിയേറും.നൂറുകണക്കിന് വഴി വാണിഭക്കാരും കാർണിവൽകാരുമൊക്കെ തമ്പടിക്കുന്ന ഉത്സവ കാലത്ത് ആയിരങ്ങളാണ് വൈക്കത്ത് എത്തുന്നത്.
ജനത്തിരക്ക് മുതലാക്കി കച്ചവടം പൊടിപൊടിക്കാനുള്ള അബ്ദുൾ റഷീദിന്റെ പദ്ധതിയാണ് പൊലിസ് പൊളിച്ചത്. വിഗ് ധരിച്ച് കടകളിലെത്തുന്ന ഇയാളെ വിഗില്ലാതെ കണ്ടാൽ കബളിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് പോലും തിരിച്ചറിയാനാവില്ല.അബ്ദുൾ റഷീദിന് ഒൻപത് സ്റ്റേഷനുകളിൽ കള്ളനോട്ടുമായി ബന്ധപ്പെട്ട് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : counterfeit currency distribution Nattuvishesham DistrictNews