ആലപ്പുഴ നഗരസഭ
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ തമ്മിലുണ്ടായ തർക്കത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജനറൽ ആശുപത്രി സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ആരോഗ്യമന്ത്രിയോട് വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കേണ്ട ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ പോലുള്ള അതീവ ഗൗരവമുള്ള ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു.
രോഗികളുടെ ജീവനും ആരോഗ്യവും പരമപ്രധാനമായി കാണേണ്ട ആരോഗ്യപ്രവർത്തകരിൽനിന്ന് ഉത്തരവാദിത്വപൂർണമായ പെരുമാറ്റമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
സാധാരണക്കാരായ നിരവധി രോഗികൾ ആശ്രയിക്കുന്ന ഈ സ്ഥാപനത്തിൽ ചികിത്സാസേവനങ്ങൾ തടസമില്ലാതെയും സമാധാനപരമായ അന്തരീക്ഷത്തിലും മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ കർശനമായ ഇടപെടൽ നടത്തണമെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരേ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് ചെയർപേഴ്സൺ നിലപാട് വ്യക്തമാക്കിയത്.
യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ എ.എം. നൗഫൽ, സി. ജ്യോതിമോൾ, എസ്. ഫൈസൽ, രശ്മി സനൽ, മായ രാജേന്ദ്രൻ, കൗൺസിലർമാരായ അഡ്വ. ആർ.ആർ. ജോഷി രാജ്, വി.ജി. വിഷ്ണു, ആർ. അംജിത്ത് കുമാർ, കെ.കെ. ജയമ്മ, കെ. നൂറുദ്ദീൻ കോയ, നഗരസഭാ സെക്രട്ടറി എസ്. സനൽ തുടങ്ങിയവർ പ്രസംഗിച്ചു.