അബ്ദുൾ ജബ്ബാർ
പറവൂർ: കഠിനമായ കാല് വേദനയുമായി പറവൂർ താലൂക്ക് ഗവ.ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സാ പിഴവ്മൂലം കാൽ മുറിച്ച് മാറ്റേണ്ടി വന്നതായി ആക്ഷേപം. കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാറിനാണ് (56)ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വലതുകാലിന്റെ മുട്ടിന് താഴെ മുറിച്ച് കളയേണ്ട ദുരവസ്ഥ ഉണ്ടായത്.
ജൂലൈ 29ന് രാത്രി പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ വലതുകാലിന്റെ ഉള്ളംകാലിനടിയിൽ കഠിനമായ വേദനയുമായി ചികിത്സയ്ക്ക് എത്തിയ അബ്ദുൾ ജബ്ബാറിന് ഉണ്ടായ രോഗം ഡോക്ടർ മനസിലാക്കുകയോ കഠിനമായ വേദനമൂലം രാത്രി രണ്ടുതവണ ആശുപത്രിയിലെത്തിയിട്ടും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാതിരുന്നതുമൂലമാണ് കാൽ മുറിച്ചു മാറ്റേണ്ടി വന്നതെന്ന് ജബ്ബാർ ആരോപിക്കുന്നു. കാലിന് സ്ട്രോക്ക് ഉണ്ടായതു കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ തിരിച്ചറിഞ്ഞില്ലെന്നും കഠിനമായ വേദനയുണ്ടായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തില്ലെന്നും പരാതിയിൽ അബ്ദുൾ ജബ്ബാർ ആരോപിക്കുന്നു.
കാലിനു സ്ട്രോക്ക് ഉണ്ടായാൽ മണിക്കൂറുകൾക്കകം വാസ്കുലർ സർജറിയോ രക്തയോട്ടം കൂട്ടാനുള്ള മരുന്നുകളോ നൽകേണ്ടതാണ്. എന്നാൽ പിറ്റേന്ന് വന്ന് സർജനെ കാണാൻ പറഞ്ഞു ഡോക്ടർ രോഗിയെ വീട്ടിൽ പറഞ്ഞയയ്ക്കുകയായിരുന്നുവത്രേ.
പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോൾ കാലിനുണ്ടായ സ്ട്രോക്ക് ആണ് വേദനക്ക് കാരണമെന്നും കഠിനമായ വേദന തുടങ്ങി ആറ് മുതൽ എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടതായിരുന്നുവെന്നും ഇനി മുട്ടിന് താഴെ മുറിച്ച് മാറ്റാതെ നിർവാഹമില്ലെന്നും സർജൻ പറയുകയായിരുന്നു. തുടർന്ന് വലതുകാൽമുട്ടിന് താഴെ മുറിച്ച് മാറ്റിയെന്നും ജീവിതം വഴിമുട്ടിയ അവസ്ഥയായെന്നും അബ്ദുൾ ജബ്ബാർ പറയുന്നു.
കാൽ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും സിപിഎം ഏരിയ സെക്രട്ടറി ടി.വി. നിധിൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം തയ്യാറാകുമെന്നും നടപടി കൈക്കൊള്ളുമെന്നും സൂപ്രണ്ട് ഡോ.ആഷ കെ. ജോൺ ഉറപ്പു നൽകി. കാലതാമസം ഉണ്ടായാൽ ആശുപത്രിക്ക് മുന്നിൽ സമരം തുടങ്ങാനാണ് അബ്ദുൾ ജബ്ബാറിന്റെ നീക്കം. ആശുപത്രി സൂപ്രണ്ടിന്റെ വിശദമായ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും രമേഷ് ഡി. കുറുപ്പ് പറഞ്ഞു.
Tags : Allegation that a patients Nattuvishesham DistrictNews