വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ മുളവുകാടിലെ പുനരധിവാസ ഭൂമി.
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ പുനരധിവാസ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങൾ ബലപ്പെടുത്താൻ ആവശ്യമായ മണൽ കൊച്ചി തുറമുഖ അഥോറിറ്റി സൗജന്യമായി അനുവദിച്ചു. ഇത് സംബന്ധിച്ചുള്ള അഥോറിറ്റിയുടെ കത്ത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്കു ലഭിച്ചു.
പുതുവൈപ്പിൽ എൽഎൻജി ടെർമിനലിന് സമീപം 2008 മുതൽ ഡ്രഡ്ജ് ചെയ്തു സംഭരിച്ചിരിക്കുന്ന മണൽ സ്റ്റോക്കിൽ നിന്നാണ് 52,958.70 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകാൻ കൊച്ചിൻ പോർട്ട് അഥോറിറ്റി സമ്മതിച്ചത്. വർഷങ്ങളായി മഴയും വെയിലും കൊണ്ട് മണലിന്റെ ലവണാംശം ഒഴിവായിട്ടുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി കണ്ടെത്തിയ മൂന്ന് പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുന്നതിനാണ് ഈ മണൽ ഉപയോഗിക്കുക.
വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുമായി ബന്ധപ്പെട്ട റോഡ്-റെയിൽ കണക്ടിവിറ്റി പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.
കണ്ടെയ്നർ റോഡിൽ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം 14 കുടുംബങ്ങൾക്കും, കാക്കനാട് തുതിയൂരിലെ ആദർശ് നഗറിൽ 56 കുടുംബങ്ങൾക്കും കാക്കനാട് ഇന്ദിരാ നഗറിൽ 118 കുടുംബങ്ങൾക്കുമായുള്ള പുനരധിവാസ സൈറ്റുകൾ ബലപ്പെടുന്നതിനാണ് മണൽ ഉപയോഗിക്കുക.
മണൽ പുനരധിവാസ സ്ഥലങ്ങളിലേക്കു നീക്കുന്നതിനു മുന്പ് ജിയോളജിസ്റ്റിൽ നിന്നുള്ള ട്രാൻസിറ്റ് പാസ് ഹാജരാക്കണം. രാവിലെ ആറു മുതൽ വൈകുന്നേരം എട്ടു വരെ മാത്രമാകും മണൽ നീക്കത്തിന് അനുമതിയുള്ളത്.
2008ൽ പദ്ധതിക്കായി ഏഴ് വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ജില്ലാ കളക്ടറുടെ തുടർ നടപടികളുടെ ഫലമാണ് മണൽനീക്കത്തിന് അനുമതി ലഭിക്കാൻ സഹായകമായതെന്നു നിരീക്ഷണ സമിതി അംഗങ്ങളായ അഡ്വ. സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ പറഞ്ഞു.
Tags : sand to strengthen rehabilitation land Nattuvishesham DistrictNews