തൃപ്പൂണിത്തുറ-വൈറ്റില റോഡിൽ പേട്ട ജംഗ്ഷനു സമീപം റോഡിന്റെ മധ്യത്തിൽ രൂപപ്പെട്ട വൻ ഗർത്തം.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ-വൈറ്റില റോഡിൽ പേട്ട ജംഗ്ഷനിൽ റോഡിന്റെ നടുവിൽ രൂപപ്പെട്ട ഗർത്തം വാഹന യാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. കണ്ടെയ്നർ ലോറിയും ബസും ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ഇവിടെ എത്തുന്പോൾ നിർത്തിയ ശേഷമാണ് മുന്നോട്ട് നീങ്ങുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഗർത്തത്തിന് തൊട്ടടുത്തെത്തുന്പോൾ മാത്രമാണ് ചെറിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് അപകടക്കുഴി കാണാനാകൂ. വാഹനം പെട്ടെന്ന് നിർത്തിയാൽ നിയന്ത്രണംവിട്ട് മറിയും. വെട്ടിച്ചു മാറ്റിയാൽ സമീപത്തെ മെട്രോ പില്ലറിൽ ഇടിക്കും.
മൂവാറ്റുപുഴ, കാക്കനാട്, വൈക്കം, കോട്ടയം ഭാഗത്തുനിന്നു വരുന്ന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും പോകുന്നത്. ഒരു മീറ്റർ നീളത്തിൽ ഒരടിയോളം ആഴത്തിലാണ് ഗർത്തം.
ഇവിടെ ഗർത്തം രൂപപ്പെട്ടിട്ട് മാസങ്ങളായെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ താത്കാലികമായി മണ്ണും ചെറിയ കല്ലുകളും കൊണ്ടിട്ട് നികത്താറാണ് പതിവ്. ദിവസങ്ങൾക്ക് മുന്പ് ടാറിംഗ് മിശ്രിതം ഇട്ട് നികത്തിയെങ്കിലും പിറ്റേന്ന് തന്നെ ഇവ ഇളകിമാറി വീണ്ടും വൻ ഗർത്തം രൂപപ്പെട്ടെന്നും അവർ ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങളില്ലാത്ത ജംഗ്ഷൻ
ഏറ്റവും തിരക്കേറിയ ജംഗ്ഷനാണെങ്കിലും ഇവിടെ ഗതാഗത നിയന്ത്രണമോ, സൂചനാ ബോർഡുകളോ ഇല്ല. ചില ദിവസങ്ങളിൽ മാത്രമാണ് ഹോം ഗാർഡുകളുടെ സേവനമുള്ളൂ. കുണ്ടന്നൂർ, എറണാകുളം, തൃപ്പൂണിത്തുറ, ഇരുന്പനം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഇവിടെ നിന്നാണ് തിരിഞ്ഞു പോകുന്നത്.
എവിടെ വച്ച് തിരിയണമെന്നോ, എങ്ങോട്ട് പോകണമെന്നോ കാണിക്കുന്ന ഒരു മുന്നറിയിപ്പും ഇവിടെ ഇല്ല. മൂന്നും കൂടുന്ന തിരക്കേറിയ ജംഗ്ഷനും വൻ വളവും ആയിരുന്നിട്ടു പോലും ഇവിടെ ഡിവൈഡറോ, സിഗ്നൽ ലൈറ്റോ സ്ഥാപിക്കാൻ ഇതു വരെയും ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവാണെങ്കിലും വൻ ദുരന്തം ഉണ്ടാകാത്തത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് വാഹന യാത്രികൻ പറഞ്ഞു.
Tags : Pettah Junction Nattuvishesham DistrictNews