പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിർമാണം പൂർത്തീകരിക്കാതെ കിടക്കുന്ന മൈലപ്ര ഒന്നാം വളവ്.
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന 500 കോടിയുടെ അഴിമതി ആരോപണം സംബന്ധിച്ച് ഇനി അന്വേഷണമില്ല. ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് സംഘം അഴിമതി ഉണ്ടെന്ന തരത്തിൽ റിപ്പോർട്ട് നൽകിയെങ്കിലും തുടരന്വേഷണം തടസപ്പെട്ടു. റാന്നി സ്വദേശിയടെ പരാതിയിൽ സംസ്ഥാന ഗവർണറുടെ ഓഫിസ് ഇടപെട്ട് അന്വേഷണത്തിനു നിർദേശം നൽകിയിട്ടും തുടർനടപടികൾ വൈകുകയാണ്.
153.6 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊൻകുന്നം - പുനലൂർ മേഖല ബിഎം ബിസി നിലവാരത്തിലാണ് പുനർനിർമിച്ചത്. കിഴക്കൻ ഹൈവേ എന്ന പേരിൽ അറിയപ്പെടുന്ന ഈ റോഡ് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാത കൂടിയാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. കെഎസ്ടിപി റോഡ് നിർമാണത്തിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അറ്റകുറ്റപ്പണി ശൈലിയിൽ നിർമാണം നടത്തി ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. പ്ലാച്ചേരി - കോന്നി റീച്ചിൽ മൈലപ്ര ഭാഗത്തെ പണികൾ ഇപ്പോഴും ബാക്കിയാണ്.
കെഎസ്ടിപി നിർമാണം
ഇന്ത്യൻ റോഡ്സ് കോൺഗ്രസ്, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എന്നിവ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ് സംസ്ഥാനപാതയുടെ നിർമാണത്തിൽ കെഎസ്ടിപി പിന്തുടരുന്നത്. ഇതിനായി പ്രത്യേകം പ്ലാനിംഗും സർവേയും ഉണ്ട്. റോഡിലൂടെ ഭാവിയിൽ കടന്നുപോകാൻ സാധ്യതയുള്ള വാഹനങ്ങളുടെ എണ്ണവും അവയുടെ ഭാരവും മുൻകൂട്ടി കണക്കാക്കുകയാണ് രീതി. തുടർന്ന് വളവുകളും തിരിവുകളും പരമാവധി കുറച്ച്, സുരക്ഷിതവും ദൂരം കുറഞ്ഞതുമായ പാത നിർണയിക്കും. ഇതിനായി ജിപിഎസ് ഡ്രോൺ സർവേ, ലിഡാർ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു പഠനം നടത്തും. റോഡ് നിർമിക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് അതിനനുസരിച്ചാണ് കനം നിശ്ചയിക്കുന്നത്.
ഫ്ലെക്സിബിൾ പേവ്മെന്റ് (ബിറ്റുമിൻ - ടാറിംഗ്) റിജിഡ് പേവ്മെന്റ് (കോൺക്രീറ്റ്) എന്നിങ്ങനെ രണ്ടു നിർമാണശൈലിയാണ് ആധുനിക റോഡ് നിർമാണത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇതിനു കൃത്യമായ പാളികളുണ്ട്. സ്വാഭാവിക മണ്ണ് നന്നായി ഇടിച്ച് ഉറപ്പിക്കുകയാണ് വേണ്ടത്. തുടർന്ന് ജിഎസ്ബി, മെറ്റൽ എന്നിവ ഉപയോഗിച്ച് ഭാരം താങ്ങാൻ പാകത്തിൽ പാളി നിർമിക്കുകയാണ് പതിവ്. വാഹനം ഓടുന്ന ഏറ്റവും മുകളിലത്തെ കോൺക്രീറ്റ് പാളിക്ക് ഘർഷണം കൃത്യമായിരിക്കണം.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണം. പ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ച് രാത്രിയിലും വ്യക്തമായി കാണുന്ന വരകളും അടയാളങ്ങളും രേഖപ്പെടുത്തണം. വളവുകൾ, വേഗപരിധി, അപകട മേഖലകൾ എന്നിവ കാണിക്കുന്ന റിഫ്ലക്ടീവ് ബോർഡുകൾ, നിയന്ത്രണം വിടുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതിരിക്കാൻ ഇരുവശങ്ങളിലും മെറ്റൽ ബീം അല്ലെങ്കിൽ കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ എന്നിവ സ്ഥാപിക്കണം. എന്നാൽ പുനലൂർ - മൂവാറ്റുപുഴ റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ഇവയൊന്നും കൃത്യമായി നടന്നിട്ടില്ല. ടാർ, സിമന്റ്, മെറ്റൽ, മണൽ എന്നിവയുടെ ഗുണനിലവാര പരിശോധ നടത്താൻ പോലും അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്.
ചെലവഴിച്ചത് കിലോമീറ്ററിന് പത്തുകോടി
റോഡ് നിർമാണത്തിന് കിലോ മീറ്ററിന് 10 കോടിയിൽ അധികം രൂപ ചെലവഴിച്ചിട്ടും ബിഎം, ബിസി നിലവാരത്തിൽ ടാറിംഗ് നടന്നിട്ടില്ല. ടാറിംഗിന് വേണ്ടത്ര കനമോ ഗുണനിലവാരമോ ഇല്ല. പഴയ റോഡ് പൂർണമായി കുത്തിപ്പൊളിക്കാതെയാണ് പലയിടത്തും ടാറിംഗ് നടന്നത്.
നിലവിലുണ്ടായിരുന്ന ടാറിംഗിനു മുകളിലൂടെ ആദ്യ ലെയർ പൂർത്തീകരിച്ചു. തുടർന്ന് പലതരത്തിലാണ് ടാറിംഗ് പൂർത്തീകരിച്ചത്. ബിഎംബിസി മാനദണ്ഡങ്ങൾ യാതൊന്നും പാലിച്ചിരുന്നില്ല. ഒറ്റ രാത്രിയിൽ പത്തു കിലോമീറ്റർവരെ ടാറംഗ് നടത്തിയിട്ടുണ്ട്. റോഡ് വികസനത്തിനായി പൊന്നുംവിലയ്ക്ക് ഏറ്റടുത്ത സ്ഥലം പൂർണമായി വിനിയോഗിച്ചിട്ടില്ല.
പല സ്ഥലങ്ങളിലും ഒന്നു മുതൽ 11 മീറ്റർ വരെ സ്ഥലം ഒഴിവാക്കി വീതി കുറച്ചാണ് നിർമാണം നടന്നത്. കെഎസ്ടിപി രേഖകൾ പ്രകാരം 11.5 മീറ്റർ മുതൽ 23 മീറ്റർ വീതിയിൽ വരെ, പ്ലാച്ചേരി - കോന്നി റീച്ചിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നിർമാണം 10 മുതൽ 12 മീറ്റർ വരെ മാത്രം. റോഡ് വികസനത്തിന് ഏറ്റെടുത്ത മുഴുവൻ സ്ഥലവും തിരിച്ചെടുത്തു ഉപയോഗിക്കണമെന്നാണ് ആവശ്യം.
റോഡിന് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തത് ഓരോ അര കിലോമീറ്റർ ദൂരത്തിലും വ്യത്യസ്തമായ വിതിയിലാണ്. വൻ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത് പരമ്പരാഗതമായി നീരൊഴുക്കുള്ള നിരവധി തോടുകൾ പാതയോരത്തുണ്ട്. ഇവ കെട്ടിയടച്ച് കലുങ്കുകൾ ഒഴിവാക്കിയതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കലുങ്ക് ആവശ്യമായിരുന്ന സ്ഥലങ്ങളിൽ ഇതൊഴിവാക്കിയതു മൂലമുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.
ബസ്ബേകൾ, പാർക്കിംഗ്പേരിൽ മാത്രം
പിഎം റോഡ് ആധുനിവത്കരിക്കുന്നതിന്റെ ഭാഗമായ ബസ് ബേകൾ, പാർക്കിംഗ് സ്ഥലങ്ങൾ ഇവയെല്ലാം പേരിനു മാത്രമായി. റാന്നി ടൗണിൽ നിർദേശിക്കപ്പെട്ട രണ്ടു പാർക്കിംഗ് സ്ഥലങ്ങളം രേഖയിൽമാത്രമായി. ജംഗ്ഷനുകളുടെ വിപുലീകരണം നടത്താതെ ബസ്ബേ വരച്ചിടുകയാണ് ചെയ്തത്.
എംപി, എംഎൽഎ വെയ്റ്റിംഗ് ഷെഡുകൾ മത്സരിച്ചെത്തിയതോടെ കെഎസ്ടിപിവക കാത്തിരിപ്പ് കേന്ദ്രങ്ങൾ അധികമുണ്ടായില്ല. അപകടമേഖലകളിലെ സുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല. പണി പൂർത്തിയാകാത്ത മണ്ണാറക്കുളഞ്ഞി - മൈലപ്ര ഭാഗത്തെ അപകടമേഖലകളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല.
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ കല്ലും മണ്ണും കരാറുകാരൻ റോഡിൽതന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഇവർക്കു സൗജന്യമായി നൽകിയെന്ന ആരോപണ വും ഉയർന്നിരുന്നു. എന്നാൽ, കല്ല് ഉപയോഗിച്ച് നിർമിച്ച പാർശ്വഭിത്തിക്ക് മാത്രം 45.6 കോടി രൂപയാണ് കരാറുകാർക്കു നൽകിയിട്ടുള്ളത്. മണ്ണും കല്ലും നീക്കം ചെയ്യുന്നതിന് 7.5 കോടി രൂപ അധികമായി നൽകിയിട്ടുമുണ്ട്.
Tags : PM road construction corruption NattuVishesham DistrictNews