മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: അപരനെ ചേര്‍ത്തുപിടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് യഥാർഥ സാമൂഹ്യ ധര്‍മമെന്ന് മലങ്കര കാത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക്തല ഭിന്നശേഷി കലാമേളയായ "ഉല്ലാസപ്പറവകള്‍' പുളിക്കീഴ് റിയോ ടെക്സാസ് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിമിതികളുള്ളവരാണ്, പരിമിതികളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗമാണ് ഇതേപോലുള്ള കലാമേളയെന്നും അദ്ദേഹം പറഞ്ഞു. പുളിക്കീഴ് ബ്ലോക്കിനെ ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാമേള സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോന്, സ്ഥിരംസമിതി അധ്യക്ഷരായ ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്, രാജേഷ് ചാത്തങ്കരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റെയ്ച്ചല്‍ വര്‍ഗീസ്, ജോളി ജോര്‍ജ്, സോമന് താമരച്ചാലില്‍, തോമസ് പി. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് അമ്പിളി എസ്. നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ്. റീന എന്നിവര്‍ പ്രസംഗിച്ചു.
സിഡിപിഒ അംബിക അന്തര്‍ജനം വിഷയാവതരണം നടത്തി. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമാപന സമ്മേളനവും ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന് നിര്‍വഹിച്ചു.
Tags : Disabilities Becomes an Exciting Event Children with disabilities NattuVishesham DistrictNews