കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ കേരളോത്സവം അട്ടിമറിക്കുന്നതായി ആക്ഷേ പം. അടിയന്തര യോഗം ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കേണ്ട സുപ്രധാന യുവജന കായിക-സാംസ്കാരിക മേളയായ "കേരളോത്സവം' നാവായിക്കുളം പഞ്ചായത്തിൽ നടപ്പിലാക്കാത്തതിൽ കോൺഗ്രസ് ഭരണസമിതിക്കെതിരേ എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. വിഷയം ചർച്ച ചെയ്യുന്നതിനായി അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടാണു എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദീന്റെ നേതൃത്വത്തിൽ എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. പഞ്ചായത്തിലെ കായിക-സാംസ്കാരിക പ്രതിഭകളായ യുവതീ-യുവാക്കൾക്ക് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്നത്. കേരളോത്സവത്തിനായി ഫണ്ട് വകയിരുത്താനോ സംഘാടക സമിതി രൂപീകരിക്കാനോ തയാറാകാത്ത ഭരണസമിതി നിലപാട് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു സെക്രട്ടറിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് കേരളോത്സവ തീയതി പ്രഖ്യാപിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് എൽഡിഎഫ് നേതൃത്വം നൽകുമെന്നു എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജലാലുദ്ദീൻ അറിയിച്ചു.
Tags :