കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ശാസ്ത്രസെമിനാർ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാട
കണ്ണൂർ: കാൻസർ ചികിത്സയിൽ ആയുര്‍വേദവും അലോപ്പതിയും യോജിപ്പിച്ചുള്ള സംയോജിത ചികിത്സാനയം രൂപീകരിക്കണമെന്ന് കണ്ണൂരിൽ നടന്ന ശാസ്ത്ര സെമിനാർ അഭിപ്രായപ്പെട്ടു. കാൻസർ ചികിത്സാരംഗത്ത് അലോപ്പതിയും ആയുര്‍വേദവും യോഗയും സംയോജിതമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 'എക്സ്പാന്‍ഡിംഗ് ദി ഫ്രോണ്ടിയേഴ്സ് മെയിന്‍ സ്ട്രീമിംഗ് ആയുർവേദ ഇന്‍ കാന്‍സര്‍ കെയര്‍' എന്ന പേരിൽ കണ്ണൂർ കൈരളി ഹെറിറ്റേജിലായിരുന്നു ശാസ്ത്രസെമിനാർ സംഘടിപ്പിച്ചത്.
ആയുര്‍വേദവും അലോപ്പതിയും യോജിപ്പിച്ചുള്ള സംയോജിത കാൻസർ ചികിത്സാരീതിയിലേക്ക് രാജ്യത്തെ ആരോഗ്യരംഗം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ പൂനെയിലെ കാന്‍സര്‍ ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ.സദാനന്ദ് പ്രഭാകര്‍ സര്‍ദേശ് മുഖ് പറഞ്ഞു. ആയുർവേദ ചികിത്സയിലൂടെ നിരവധി കാൻസർ രോഗികളിൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സാധിച്ചിട്ടുണ്ട്. ആയുവേദ ചൂര്‍ണങ്ങളും പഞ്ചകര്‍മ്മ ചികിത്സയും ഗര്‍ഭാശയ, പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമായെന്ന് രോഗികളുടെ പിന്നീടുള്ള പരിശോധന ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. റേഡിയേഷന് പാര്‍ശ്വഫലങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും രോഗികള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടുവരുന്നതിനും ആയുർവേദത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബയോടെക്നോളജി സാങ്കേതിക വിദ്യകള്‍ ആയുര്‍വേദ ഗവേഷണ രംഗത്ത് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ബംഗളൂരു ജവഹര്‍ലാല്‍ നെഹ്റു ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണയും സംയോജിത ചികിത്സയെക്കുറിച്ച് മലബാര്‍ കാന്‍സര്‍ സെന്റർ ഡയറക്ടര്‍ ഡോ.ബി.സതീഷ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ആയുർവേദ പാരന്പര്യവും കാൻസർ ചികിത്സാ സാധ്യതയും, സംയോജിത ചികിത്സയിലെ പൊതുജനാരോഗ്യ മേഖലയുടെ സാധ്യതകൾ, സംയോജിത കാന്‍സര്‍ ചികിത്സയിലെ ഗവേഷണങ്ങളും പ്രധാന മേഖലകളും, സംയോജിത കാന്‍സര്‍ ചികിത്സയില്‍ പൂര്‍വ ക്ലിനിക്കല്‍ ഗവേഷണം എന്നീ വിഷയങ്ങളില്‍ വിശദമായ സെഷനുകളും നടന്നു.
ആയുര്‍വേദത്തിലെ ഗവേഷണങ്ങളും വിപണി സാധ്യതയും പ്രയോജനപ്പെടുത്തി ആയുർവേദ ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നത് സംബന്ധിച്ചും സെമിനാർ ചർച്ച ചെയ്തു. സെമിനാർ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറിഡോ.രാജന് ഖൊബ്രഗഡേ, ദേശീയ ആയുഷ് മിഷന് സംസ്ഥാന മിഷന് ഡയറക്ടര്‍ ഡോ.സജിത് ബാബു എന്നിവര്‍ പ്രസംഗിച്ചു.