പൂവാർ: പൂവാറിൽ മദ്യപിച്ചെത്തിയ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ഒരാൾക്കു കുത്തേറ്റു. ചെക്കടി ഇടയിൽകല്ല് ലക്ഷംവീട് കോളനിയിൽ സജുവിനാണ് (26) ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെക്കടി പനനിന്നവിള വീട്ടിൽ സന്തോഷിനെ (38) പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ ചെക്കടി പരപ്പൻകുളത്തിനു സമീപമായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സജുവും സന്തോഷും തമ്മിൽ ഇവിടെവച്ചു വാക്കുതർക്കമുണ്ടായി.
തർക്കം രൂക്ഷമായതിനെ തുടർന്നു സന്തോഷ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു സജുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിൽ സജുവിന്റെ നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റു. കൂടാതെ മുതുകിലും കത്തി കൊണ്ടുള്ള പരിക്കുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒരാഴ്ച്ച മുമ്പ് ഇവർ തമ്മിൽ മദ്യപിച്ച് പരസ്പരം വഴക്കുണ്ടായതായി പൊലിസ് പറയുന്നു. പൂവാർ എസ്എച്ച്ഒ കെ.എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐഎ ഹർഷകുമാർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം:
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദനമേറ്റു
ചിറയിൻകീഴ്: മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ അഞ്ചുതെങ്ങിൽനിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദനമേറ്റു.
ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ഹാർബറിലെ ലേല ഹാളിൽ മത്സ്യലേലത്തിനിടെയുണ്ടായ തർക്കമാണ് കൈയാങ്കളിയിലേക്കു നീണ്ടത്. സംഭവത്തിൽ അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശികളായ ആഗ്നസ് (60), സഹോദരി ഫെൽസി (53) എന്നിവർക്കമാണ് മർദനമേറ്റത്.
ആഗ്നസിനെ മർദിക്കുന്നതുകണ്ടു പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ഫെൽസി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഫെൽസിയുടെ കഴുത്തിനു ഗുരുതര ക്ഷതം സംഭവിച്ചു. ഇവർ അഞ്ചുതെങ്ങ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറി. സംഭവത്തിൽ അഞ്ചുതെങ്ങ് പൊലിസ് അന്വേഷണം ആരംഭിച്ചു.