പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: ഓഫീസ് സമയത്ത് ട്രെയിന്‍ വേണം. മെമു പ്രഖ്യാപനത്തില്‍ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാര്‍ക്ക് നിരാശ. വൈകുന്നേരം 5.25ന് തന്നെ പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് യാത്രക്കാര്‍. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി റേക്കുപയോഗിച്ച് അധിക പാസഞ്ചര്‍ സര്‍വീസ് നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും ഇതിനായി എംപിയും ജനപ്രതിനിധികളും ഇടപെടണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
കോട്ടയം-എറണാകുളം റെയില്‍പാതയിലെ കാഞ്ഞിരമറ്റം, മുളന്തുരുത്തി, കുറുപ്പന്തറ തുടങ്ങിയ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ച പുതിയ മെമു സര്‍വീസ് മരവിപ്പിച്ച തീരുമാനം യാത്രക്കാരില്‍ കടുത്ത നിരാശയുണ്ടാക്കിയിരിക്കുകയാണ്.
കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം താത്കാലികമായി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും ഈ മേഖലയിലെ യാത്രക്കാരുടെ പ്രധാന ആവശ്യമായ അധിക ട്രെയിന്‍ സര്‍വീസ് പരിഹരിക്കപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് 1.35നു ശേഷം വൈകുന്നേരം 6.15നുള്ള അടുത്ത സര്‍വീസ് വരെ നാല് മണിക്കൂര്‍ 40 മിനിറ്റ് നീളുന്ന ട്രെയിന്‍ ഇടവേളയാണ് ഈ മേഖലയിലെ യാത്രക്കാര്‍ നേരിടുന്നത്.
ഓഫിസ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈ സമയക്രമം സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് വൈകുന്നേരം അഞ്ചിന് ഓഫീസ് സമയം കഴിയുന്ന ജീവനക്കാര്‍ക്ക് 5.25ന് ഒരു ട്രെയിന്‍ ലഭിച്ചാല്‍ ഏറെ പ്രയോജനകരമാകും. എന്നാല്‍ ആ സമയത്ത് സര്‍വീസ് ഇല്ലാത്തതിനാല്‍ 6.15ന്റെ ട്രെയിനിനായി ഏകദേശം ഒരു മണിക്കൂര്‍ 15 മിനിറ്റ് അധികം കാത്തിരിക്കേണ്ടി വരും.
അതിനാല്‍ നേരത്തെ നിര്‍ദേശിച്ച 5.25ന്റെ സമയക്രമത്തില്‍ പുതിയ ട്രെയിന്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി റേക്ക് ഉപയോഗിച്ച് ബദല്‍ സര്‍വീസ് നടത്തിക്കൂടേയെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. പുതിയ റേക്ക് അനുവദിക്കുന്നതിനു പുറമേ നിലവിലുള്ള ട്രെയിന്‍ റേക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന നിര്‍ദേശവും യാത്രക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.
ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി ട്രെയിന്‍ എറണാകുളത്ത് എത്തിച്ചേർന്നതിനു ശേഷം അടുത്ത സര്‍വീസിനായി ഏകദേശം 16 മണിക്കൂറോളം ഇടവേളയുള്ളതിനാല്‍, ഈ സമയത്തിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്തി കോട്ടയം-എറണാകുളം റൂട്ടില്‍ അധിക പാസഞ്ചര്‍ സര്‍വീസ് നടത്താനുള്ള സാധ്യത റെയില്‍വേ പരിശോധിക്കണമെന്നും ആവശ്യമുയരുന്നു.
നിലവിലുള്ള കാരക്കല്‍-എറണാകുളം എക്സ്പ്രസ് റേക്ക് ഉപയോഗിച്ചു കോട്ടയം-എറണാകുളം റൂട്ടില്‍ പാസഞ്ചര്‍ സര്‍വീസ് ക്രമീകരിക്കുന്ന രീതിക്ക് സമാനമായി, ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി റേക്കും ആവശ്യമായ സമയക്രമം മാറ്റങ്ങളോടെ പ്രയോജനപ്പെടുത്താനാകുമോയെന്നും പരിശോധിക്കാവുന്നതാണ്.
കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന റെയില്‍പാതയിലെ യാത്രക്കാര്‍ ഇത്രയധികം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം യാത്രക്കാര്‍ക്കുണ്ട്.
Tags : announcement of a MEMU service Nattuvishesham DistrictNews