മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയില്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി കുമാരമംഗലം പഞ്ചായത്തിലെ വാഴക്കാലാ ഭാഗത്തെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു.
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയില്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി അഞ്ചു വീടുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. കുമാരമംഗലം വില്ലേജിലെ ഈസ്റ്റ് കലൂര്‍ മേനോന്‍പടി മുതല്‍ വാഴക്കാലാ തോടുവരെയുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങളാണ് രണ്ടു ദിവസങ്ങളിലായി ഒഴിപ്പിച്ചത്.
ഇന്നലെ നാലു വീടുകള്‍ ജെസിബി ഉപയോഗിച്ച് പൂര്‍ണമായി പൊളിച്ചുനീക്കി. ഇവിടെ താമസിച്ചിരുന്നവരെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ വാടകവീടുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. എന്നാല്‍, ഈസ്റ്റ് കലൂര്‍ ഭാഗത്ത് ഏതാനും വീട്ടുകാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധമുയര്‍ന്നതിനാല്‍ ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.
ഈസ്റ്റ് കലൂര്‍ അങ്കണവാടിക്ക് സമീപത്തെ മൂന്നു വീടുകള്‍ ഒഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമമാണ് വീട്ടുകാരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞത്. 10 മുതല്‍ 25 സെന്റുവരെ സ്ഥലമുള്ള മൂന്നു വീട്ടുകാരുടെ വീട് ഉള്‍പ്പടെ ഏറ്റെടുക്കാനുള്ള നീക്കമാണ് തടഞ്ഞത്. മൂന്നു പതിറ്റാണ്ട് മുന്‍പ് തീറാധാരം ചെയ്ത് വാങ്ങിയ സ്ഥലം വില്ലേജില്‍ കരം കെട്ടുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിന്റെ രേഖകള്‍ റവന്യു അധികാരികളെ കാണിച്ചു.
2013ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം താലൂക്കിലെ ലിത്തോ മാപ്പ് പ്രകാരം ഇവരുടെ കൈവശമുള്ള സ്ഥലത്തില്‍നിന്ന് മൂന്നു മുതല്‍ അഞ്ച് സെന്റ് സ്ഥലം അളന്നുതിരിച്ച് റോഡിനായി മണ്ണെടുത്ത് മാറ്റിയിരുന്നു.
രണ്ട് മാസം മുന്‍പ് സാറ്റലൈറ്റ് സര്‍വേ പ്രകാരം ഈ മൂന്ന് വീടുകളുടെയും അടുത്ത് മണ്ണെടുത്ത ഭാഗത്ത് കല്ലിട്ട് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് റീസര്‍വേ പ്രകാരം സ്ഥലം എടുക്കണമെന്ന കോടതി ഉത്തരവിന്റെ പേരില്‍ ഇന്നലെ ഇവരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയത്.
Tags : Muvattupuzha–Theni State Highway: Nattuvishesham DistrictNews