കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ വൃശ്ചികത്തിന് ഒരുക്കിയ കുടിലുകള്‍.
കൊല്ലം: ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തില്‍ വൃശ്ചികത്തിലെ ആദ്യ 12 ദിനരാത്രങ്ങള്‍ ഭജനം പാര്ക്കാനെത്തുന്നവര്ക്കായി ഒരുക്കിയത് ആയിരത്തോളം കുടിലുകള്‍. ഭജനക്കുടിലുകള്‍ ബുക്ക് ചെയ്ത ഭക്തര്‍ തുലാം 30ന് ഉച്ചയോടെ എത്തിത്തുടങ്ങും. ക്രമനമ്പര്‍ ലഭിക്കുന്നതോടെ കുടിലുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാരംഭിക്കും.
വൃശ്ചികം ഒന്നിന് രാവിലെ 8.30നും ഒമ്പതിനും മധ്യേ ക്ഷേത്രം തന്ത്രി തുറവൂര്‍ പി. ഉണ്ണിക്കൃഷ്ണന് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
കലശാഭിഷേകത്തിന് ശേഷം തന്ത്രി ഭജനക്കുടിലുകളില്‍ തീര്‍ഥം തളിച്ച ശേഷം കുടിലുകളില്‍ അടുപ്പ് കൂട്ടിതുടങ്ങും.
ഭജനക്കുടിലുകളില്‍ തയാറാക്കുന്ന ഭക്ഷണത്തിന് പുറമേ ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചേന, ചേമ്പ്, കാച്ചില്, കപ്പ തുടങ്ങിയ കാര്‍ഷിക വിഭവങ്ങള്‍ പുഴുങ്ങിയതും ചമ്മന്തിയും കട്ടന്‍കാപ്പിയും ഭക്തര്‍ കുടിലുകളില്‍ വരുന്നവര്‍ക്ക് വഴിപാടായി നല്‍കും.
12ന് രാവിലെ വൃശ്ചിക പൊങ്കല്‍ നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 10.30-ന് തിരുമുടി എഴുന്നള്ളത്ത് ആരംഭിക്കും. മാലയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം കടല്‍ത്തീരത്തെ ആറാട്ടുകടവില്‍ കുരുത്തോലപ്പന്തലില്‍ തിരുമുടി ആറാട്ട് നടക്കും.
ഭക്തജനങ്ങള്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍, ശുദ്ധജലം, വൈദ്യുതി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവിഭാഗം എന്നിവയുടെ സേവനവും ലഭ്യമാണ്. വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.