ഓട്ടോകളുടെ മീറ്റർനിരക്ക് വർധിപ്പിച്ചതിനെത്തുടർന്ന് ശിവാനന്ദ കോളനി പ്രദേശത്ത് ഓട്ടോ ഡ്രൈവർമാർ മധുരവിതരണം നടത്തിയപ്പോൾ.
കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിച്ചതായി റിപ്പോർട്ട്. പുതിയ നിരക്കനുസരിച്ച് ആദ്യ 1.8 കിലോമീറ്ററിന് 50 രൂപയാണ് മിനിമം ചാർജ്. തുടർന്ന് ഓരോ കിലോമീറ്ററിനും 25 രൂപ വീതം ഈടാക്കും.
മലയോര മേഖലകളിൽ ആദ്യ നിരക്ക് 60 രൂപയും അധികമായി ഓരോ കിലോമീറ്ററിനും 30 രൂപയുമായിരിക്കും.
രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ സാധാരണ നിരക്കിന്റെ ഒന്നരയിരട്ടി ഈടാക്കും. കാത്തിരിപ്പ് ചാർജ് മിനിറ്റിന് ഒരുരൂപയായി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിരക്കനുസരിച്ച് സാധാരണ റൂട്ടിൽ 10 കിലോമീറ്റർ യാത്രയ്ക്ക് 255 രൂപയും മലയോര റൂട്ടിൽ 306 രൂപയും ഈടാക്കാം. രാത്രിയിൽ ഇതേ ദൂരത്തിന് യഥാക്രമം 382.50 രൂപയും 459 രൂപയും നൽകേണ്ടിവരും. പുതുക്കിയ നിരക്കുകൾ നടപ്പാക്കാൻ സംസ്ഥാന ഗതാഗത അഥോറിറ്റിക്കും മേഖലാ ഗതാഗത അഥോറിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Tags :