കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് എ.കെ. ബാബു കൈമാറുന്നു.
കാഞ്ഞിരപ്പള്ളി: റോഡിൽ കളഞ്ഞുകിട്ടിയ രണ്ടര ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി കൊച്ചുകുന്നത്ത് എ.കെ. ബാബു. കൂവപ്പള്ളി - കാരികുളം റോഡിൽനിന്നാണ് തടിവ്യാപാരിയായ ബാബുവിന് പണമടങ്ങിയ പഴ്സ് ലഭിച്ചത്. തുറന്നുനോക്കിയപ്പോൾ ഏകദേശം രണ്ടര ലക്ഷം രൂപയുണ്ടായിരുന്നെങ്കിലും ഉടമയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും പഴ്സിലുണ്ടായിരുന്നില്ല. എന്നാൽ, കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഒരു രസീത് പഴ്സിൽനിന്ന് ലഭിച്ചു. ഇതാണ് ഉടമയെ കണ്ടെത്താൻ സഹായകമായത്.
തുടർന്ന് ബാബു ബാങ്കുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കൂവപ്പള്ളി കണയാർപുരയിടം തങ്കച്ചൻ സ്വർണം പണയംവച്ച് രണ്ടര ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി. ബാങ്കിന്റെ സഹായത്തോടെ തങ്കച്ചന്റെ മകന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിവരമറിയിക്കുകയായിരുന്നു.
മകന് നൽകാനായി പിതാവ് സ്വർണം പണയംവച്ച് എടുത്ത പണമായിരുന്നു ഇത്. വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ പണം നഷ്ടപ്പെടുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം കുടുംബം അറിഞ്ഞിരുന്നുമില്ല. തുടർന്ന് ബാങ്ക് അധികൃതരുടെ സാന്നിധ്യത്തിൽ ബാബു മുഴുവൻ തുകയും തങ്കച്ചന് കൈമാറി. പണത്തേക്കാൾ വിലമതിക്കേണ്ടത് സത്യസന്ധതയ്ക്കും മനുഷ്യത്വത്തിനുമാണെന്ന സന്ദേശമാണ് ബാബുവിന്റെ പ്രവൃത്തി നൽകുന്നത്.
Tags :