മാനന്തവാടി: ജില്ലയിലെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾക്ക് സ്വന്തമായി വാഹനമില്ലാത്തതു മൂലം രക്തദാന ക്യാന്പുകൾ മുടങ്ങുന്നു. മെഡിക്കൽ കോളജിലും ജില്ലാ കാൻസർ സെന്ററിലും ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന നൂറുകണക്കിന് രോഗികളാണ് രക്തം ലഭിക്കാതെ ദുരിതത്തിലാകുന്നത്.
ദിവസേന നിരവധി ശസ്ത്രക്രിയകൾ നടക്കുന്ന മെഡിക്കൽ കോളജിലും രക്തവും പ്ലേറ്റ് ലെറ്റുകളും അത്യാവശ്യമായിവരുന്ന കാൻസർ സെന്ററിലും ആവശ്യത്തിന് രക്തം കണ്ടെത്തിയിരുന്നത് രക്തദാന ക്യാന്പുകളിലുടെ ആയിരുന്നു. എന്നാൽ ക്യാന്പുകൾ നടത്താൻ ആവശ്യമായ സൗകര്യങ്ങൾ അടങ്ങിയ വാഹനം ഇല്ലാത്തതിനാൽ ബ്ലഡ് ബാങ്കിൽ രക്തലഭ്യത കുറഞ്ഞു.
മുന്പ് രക്തദാന ക്യാന്പുകൾ നടത്തി കൊണ്ടിരുന്ന ഫ്രീസർ സംവിധാനമുള്ള ആംബുലൻസ് ജില്ലയിൽ ഉണ്ടായിരുന്നു. എന്നാൽ 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ ആംബുലൻസിന്റെ സർവീസ് പൂർണമായി നിലയ്ക്കുകയായിരുന്നു.
ക്യാന്പുകൾ കുറഞ്ഞതോടെ ബ്ലഡ് ബാങ്കുകളിലെ രക്തശേഖരത്തിന്റെ അളവും കുറഞ്ഞു. നിലവിൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും രക്തദാതാക്കളെ കണ്ടെത്തേണ്ട ഗതികേടിലാണ്. ജില്ലാ ഭരണകൂടമോ ആരോഗ്യ വകുപ്പോ ഫ്രീസർ സംവിധാനമുള്ള പുതിയൊരു വാഹനം ബ്ലഡ് ബാങ്കിനായി അനുവദിക്കണമെന്നാണ് രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന കെ.എം. ഷിനോജ് ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Wayanad