കൊട്ടിയൂര്‍: വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടത്തി. കുറുമാ ത്തൂര്‍ ഇല്ലത്തെ നായ്ക്കന് സ്ഥാനികന് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടാണ് സ്വയംഭൂവിഗ്രഹത്തിൽ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. രോഹിണി ആരാധനയോടനുബന്ധിച്ചാണ് ശീവേലിക്ക് മുന്നോടിയായി പൂജ നടന്നത്.
ദക്ഷനാൽ അപമാനിതയായി യാഗാഗ്നിയിൽ സതീദേവി എരിഞ്ഞടങ്ങിയതറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണു ഭഗവാൻ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചതിന്റെ അനുസ്മരണമായാണ് ഈ ചടങ്ങ് നടത്തുന്നത്. രോഹിണി ആരാധനയ്ക്കു തലേന്ന് തിങ്കളാഴ്ച മണത്തണ ഗോപുരത്തിൽ എത്തിയ നായ്ക്കൻ സ്ഥാനികൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിനെ മണത്തണ ആക്കൽ തറവാട്ടിലേക്ക് ആചാരപൂർവം സ്വീകരിച്ചു.
ചൊവ്വാഴ്ച രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ എത്തിയ സ്ഥാനികൻ പ്രാർഥനകൾക്ക് ശേഷമാണ് അക്കരെ കൊട്ടിയൂരിലെത്തിയത്. കൊട്ടിയൂരിലെത്തിയ സ്ഥാനികനെ തേടൻ വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.
ആക്കൽ കയ്യാലയിലെ വിശ്രമത്തിന് ശേഷം പുഷ്പാഞ്ജലിക്ക് സമയമായതോടെ തീർഥക്കുളത്തിൽ കുളിച്ച് മുഖമണ്ഡപത്തിലെത്തി. ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയിൽ കയറ്റി ഇരുത്തി മണിത്തറയിൽ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികർമികളായി ഉണ്ടായിരുന്നു.
കുറുമാത്തൂർ തറയിൽ കയറിയതോടെ വാദ്യക്കാർ ദ്രുതഗതിയിൽ വാദ്യങ്ങൾ മുഴക്കി. തുളസിക്കതിരും ജലവും ഉപയോഗിച്ചുള്ള പൂജയ്ക്ക് ശേഷമാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂർ തറയിൽനിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടർന്നു. ഒടുവിൽ ഭണ്ഡാരം പെരുക്കി.
തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്തു പ്രസാദവും വാങ്ങി കുറുമാത്തൂർ സ്ഥാനികൻ മടങ്ങി.