പ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിലെ റോഡുകളുടെ പരിപാലനത്തിൽ വിവിധ വകുപ്പുകൾക്കിടയിൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതും അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും നഗര ഭരണ ചുമതലയുള്ള മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ട റോഡുകളുടെ നിലവിലെ അവസ്ഥ വിലയിരുത്തി അടിയന്തരമായി അറ്റകുറ്റപണികൾ നടത്തേണ്ട റോഡുകൾക്ക് മുൻഗണന നിശ്ചയിക്കണം. അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കണം.
റോഡുകളുടെ തുടർച്ചയായ പരിപാലനത്തിനും മഴക്കാലത്ത് കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെടുന്നത് തടയുന്നതിനും ഫലപ്രദമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ജീവൻ, സുരക്ഷ, അന്തസ്, സ്വതന്ത്രമായ സഞ്ചാരം എന്നിവ സംരക്ഷിക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ സത്വരവും ഉത്തരവാദിത്വപരവുമായ ഇടപെടൽ നടത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ തകർന്നു തരിപ്പണമായിട്ടും അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയും ഏകോപനം ഇല്ലായ്മയും ഉണ്ടായിയെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
റെയിൽവേ മേൽപ്പാലം, കോർട്ട് റോഡ്, നാലാം ഗേറ്റിന് സമീപത്തെ പാത, കോർട്ട് റോഡും ചെറൂട്ടി റോഡും സംഗമിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അപകടകരമായ കുഴികൾ യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. പൊതുനിരത്തുകൾ സുരക്ഷിതവും സഞ്ചാരയോഗ്യവുമായി നിലനിർത്തേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിയമപരവും ഭരണപരവുമായ ഉത്തരവാദിത്വമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.