പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര പ്രാധാന്യമുള്ള ശംഖുമുഖം ബീച്ചിനു സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചാഭീഷണിയിൽ. തുരുമ്പെടുത്ത ഇരുമ്പുതൂണുകളും ദ്രവിച്ച മേൽക്കൂരയും തകർന്നുവീഴാറായ ഘടനയും യാത്രക്കാരുടെ ജീവനു ഭീഷണിയുയർത്തുകയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളും നാട്ടുകാരും യാത്രയ്ക്കായി ആശ്രയിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ശോച്യാവസ്ഥയിൽ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവും അടിയന്തരമായി ഇടപെടണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാത്തിരിപ്പുകേന്ദ്രം മതിയായ അറ്റകുറ്റപ്പണികളും പരിപാലനവും ഇല്ലാതെ അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതു പ്രതിഷേധാർഹമാണ്. ശംഖുമുഖം, കണ്ണാന്തുറ മത്സ്യഗ്രാമങ്ങളിലെ നിരവധി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും യാത്രയ്ക്കായി ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റോപ്പാണിത്. മഴയിലും വെയിലിലും യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാവുന്ന സാഹചര്യമാണുള്ളത്.
ശംഖുമുഖം പോലുള്ള അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കും നാട്ടുകാർക്കും സുരക്ഷിതമായി ബസ് കാത്തുനിൽക്കാനുള്ള അടിസ്ഥാന സൗകര്യംപോലും ഉറപ്പാക്കാൻ കഴിയാത്തതു വിനോദസഞ്ചാര വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ യാഥാർഥ്യമാണ് തുറന്നുകാട്ടുന്നതെന്നും ഫെഡറേഷൻ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ഉദ്ഘാടനം ചെയ്തു. ശംഖുമുഖം - കണ്ണാന്തുറ മേഖലാ കോ-ഓർഡിനേറ്റർ മഞ്ജു സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജഗദം ശംഖുമുഖം, അനിത കണ്ണാന്തുറ, ജൂബിറ്റ് കൊച്ചുതോപ്പ്, മരിയക്കുട്ടി ആൽബൻസ് വെട്ടുകാട്, ഫ്രാൻസിസ്, ബൈജു എന്നിവർ പ്രസംഗിച്ചു.
Tags :