കാമ്പസ് ടു ബൂത്ത് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിക്കുന്നു.
ആലപ്പുഴ: വോട്ടർ പട്ടികയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ കാമ്പസ് ടു ബൂത്ത് പ്രത്യേക വോട്ടർ രജിസ്ട്രേഷൻ കാമ്പയിനു തുടക്കമായി. അർഹരായ മുഴുവൻ വിദ്യാർഥി-യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ്സ് കോളജിൽ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിച്ചു.
പുതുതലമുറയിലെ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ഉത്തരവാദിത്തമുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെയും നയങ്ങളെയും ഭാവിയെത്തന്നെയും സ്വാധീനിക്കുന്ന ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഓരോ പൗരനും പങ്കാളിയാകണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ.എ. ഉഷ അധ്യക്ഷയായി. അസി. പ്രഫസറും ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്ററുമായ ശ്വേത ജോർജ്, സബ് കളക്ടർ സി. ശിവശക്തിവേൽ, ചരിത്രവിഭാഗം മേധാവി എ.കെ. സന്ധ്യ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കല ഭാസ്കർ, ഇലക്ടറൽ ലിറ്ററസി ക്ലബ് വിദ്യാർഥി പ്രതിനിധി ദിയ ആൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് രണ്ടിന് ആരംഭിച്ച് ഏഴു വരെ നടക്കുന്ന പ്രത്യേക കാമ്പയിനിലൂടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർക്കാത്ത അർഹരായ വിദ്യാർഥികൾക്ക് രജിസ്ട്രേഷന് അവസരമൊരുക്കും. 18 വയസ് പൂർത്തിയായവർക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം.
വിദ്യാർഥികളുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇസിഐ നെറ്റ് ആപ്പ് മുഖേന വോട്ടർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും മാർഗനിർദേശവും പരിപാടിയുടെ ഭാഗമായി ഒരുക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്ത അർഹരായ മുഴുവൻ വിദ്യാർഥികളെയും പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്.
നൂറുശതമാനം വോട്ടർ രജിസ്ട്രേഷൻ കൈവരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് ആദരിക്കും. വിദ്യാർഥികളിൽ വോട്ടവകാശത്തെക്കുറിച്ചുള്ള അവബോധംവളർത്തുന്നതിനും അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽനിന്ന് വിട്ടുപോകാതിരിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
ഡിസംബർ 11 വരെ പേരു ചേർക്കാം
സ്പെഷൽ സമ്മറി റിവിഷൻ 2027ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 11 വരെ നീട്ടി. ഇക്കാലയളവിൽ വില്ലേജ് ഓഫീസുകളിലെ വോട്ടർ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
Tags :