പൊട്ടിപ്പൊളിഞ്ഞ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ്.
കാഞ്ഞിരപ്പള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും. 21 ദിവസത്തേക്കാണ് കവാടം അടയ്ക്കുക. ഈ ദിവസങ്ങളിൽ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും.
ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ദേശീയ പാതയിൽ നിന്നു ബസ് സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗം വരെയുള്ള പുത്തനങ്ങാടി റോഡാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. ഇതിനായി ആറ് ലക്ഷം രൂപ പ്രാഥമികമായി പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളിൽ കോട്ടയം, കുമളി, ചങ്ങനാശേരി അടക്കമുള്ള ദീർഘ ദൂര സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല. ഇതിൽ മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് സിവിൽ സ്റ്റേഷന് മുൻവശവും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് എസ്എം ടെക്സ്റ്റയിൽസിന് സമീപവും നിർത്തി ആളുകളെ കയറ്റിയിറക്കാം. ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തന്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്ന ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാവുന്നതാണ്. ഈ ബസുകൾ സ്റ്റാൻഡിൽ നിന്നിറങ്ങാൻ ഉപയോഗിക്കുന്ന വഴി തന്നെ കയറാനും ഉപയോഗിക്കണം.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങളും യാത്രാക്കാരും ബസ് ജീവനക്കാരും അടക്കം സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു. പഞ്ചായത്തംഗങ്ങളായ ജോയി മുണ്ടാമ്പള്ളി, സബിത തോമസ്, സിൽവി അനിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബസ് സ്റ്റാൻഡ് റോഡ് നവീകരണം ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് റോഡിലൂടെ പോകുന്നത്. കാൽനടയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ക്ലേശകരമായിരുന്നു. കോൺക്രീറ്റ് ചെയ്യൽ മാത്രമാണ് ശാശ്വത പരിഹാരം.
സോണി അലക്സ്
(വ്യാപാരി, വയലിൽ ഗിഫറ്റ് ഹൗസ്, കാഞ്ഞിരപ്പള്ളി).
ബസ് സ്റ്റാൻഡ് റോഡ് തകർന്ന് പലയിടത്തും വലിയ കുഴികളായിരിക്കുകയാണ്. മഴക്കാലത്ത് റോഡിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് വാഹനങ്ങൾ പോകുമ്പോൾ കടയിലെ സാധനങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നതും വേനൽ സമയത്ത് പൊടിശല്യവും വ്യാപാരികൾക്ക് ഏറെ ദുരിതമായിരുന്നു. കോൺക്രീറ്റ് ചെയ്ത് റോഡ് നവീകരിക്കുന്നത് ഏറെ പ്രയോജനകരമാകും.
റോണി ജോസ്
(വ്യാപാരി, മരിയ സ്റ്റോർ,
കാഞ്ഞിരപ്പള്ളി)
Tags : Local News Nattuvishesham Bus Stand Road Renovation