മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കുന്നു.
തൊടുപുഴ: കാല്‍നൂറ്റാണ്ട് പിന്നിടുന്ന കാഡ്സിന്റെ പ്രവര്‍ത്തനം കാര്‍ഷിക മേഖലയ്ക്ക് ഏറെ വിലപ്പെട്ടതാണെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. രജതജൂബിലിയുടെ ഭാഗമായി കാഡ്സ് പുറത്തിറക്കിയ 250 മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാഡ്സ് ഉത്പന്നങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്താന്‍ കഴിയുന്ന തരത്തില്‍ ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ ശ്ലാഘനീയമാണെന്നും ചീഫ് വിപ്പ് വ്യക്തമാക്കി.
കാഡ്സിന്റെ സിഗ്നേച്ചര്‍ ഷോപ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. ഉത്പന്നങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളില്‍ നൽകുന്ന 50 ശതമാനം സബ്സിഡി കേരളത്തിലും നടപ്പാക്കുന്നതിന് പരിശ്രമിക്കുമെന്ന് എംപി കൂട്ടിച്ചേര്‍ത്തു.
ജലദൗർലഭ്യം പരിഹരിക്കുന്നതിനായി കനാലുകളില്നിന്നു നേരിട്ട് വെള്ളമെടുക്കുന്നതിന് അനുമതി ലഭിക്കാൻ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കാഡ്സ് ഭരണസമിതിയംഗങ്ങളായ സജി മാത്യു, കെ.എം. മത്തച്ചന് എന്നിവര്‍ ചേര്‍ന്ന് ചീഫ് വിപ്പിന് നല്കി.
യോഗത്തില്‍ നാഷണല്‍ ഫെഡറേഷന് ഓഫ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ജോര്‍ജ് കുളങ്ങര ആദ്യ വില്പന നിര്‍വഹിച്ചു. 25 സിഗ്നേച്ചര്‍ ഷോപ്പുകളുടെ ഫ്രാഞ്ചൈസി സ്ഥലനിര്‍ണയ പ്രഖ്യാപനം നഗരസഭാ വൈസ് ചെയര്മാന് കെ. ദീപക് നിര്‍വഹിച്ചു.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരക്കൽ, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി അംഗം സുരേഷ് ബാബു, ഗാന്ധിദര്‍ശന്‍ വേദി ജനറല്‍ സെക്രട്ടറി അഡ്വ. ആല്‍ബര്‍ട്ട് ജോസ്, ചെറുകിട വ്യവസായ അസോസിയേഷന് സെക്രട്ടറി ജോബി ചെറിയാൻ, വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചൻ, ഡയറക്ടര്‍മാരായ വി.പി. ജോര്‍ജ്, എൻ.ജെ. മാമച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. ജൈവശ്രീ അവാര്‍ഡ് ജേതാവായ സിബിന് വര്‍ഗീസിനുള്ള പുരസ്കാരം ഭാര്യ ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ കെ.എം. ജോസ്, കെ.എം. മത്തച്ചൻ, വി പി. സുകുമാരൻ, ജിജി മാത്യു, സജി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Apu John Joseph